കുണ്ടറ കസ്റ്റഡി മര്‍ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും മെമ്മോ നല്‍കും.
ജൂണ്‍ 16നാണ് കുണ്ടറ സ്വദേശിയായ സിയാദിനെ 13 വയസുള്ള വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തൊട്ടടുത്ത ദിവസം വിദ്യാര്‍ഥിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് സിയാദിനെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിയാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് ദിവസം മുന്‍പ് ചികിത്സയിലിരിക്കെയാണ് സിയാദ് മരണപ്പെട്ടത്. പൊലീസ് മര്‍ദനമാണ് സിയാദിന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കളുടെ പരാതി.
മകള്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ വിളിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. സിയാദിനെ കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചിട്ടില്ല എന്നാണ് പൊലീസ് വിശദീകരണം. പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് ശേഷം സിയാദിനെ മറ്റാരോ മര്‍ദിച്ചിരുന്നു എന്നാണ് വിവരമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പറഞ്ഞിരുന്നു. സിയാദിന്റെ മരണം ഹെപ്പറ്റൈറ്റിസ് മൂലമാണ് എന്നാണ് റിപോര്‍ട്ട്. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
മരണം ഹെപ്പറ്റൈറ്റിസ് മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. സിയാദിനെ നാട്ടിലെ മറ്റൊരു യുവാവ് മര്‍ദ്ദിച്ചു എന്ന് സിയാദ് തന്നെ വിളിച്ചു പറഞ്ഞിരുന്നു എന്ന ബന്ധുവിന്റെ മൊഴിയും പോലീസിന്റെ പക്കല്‍ ഉണ്ട്. അതേസമയം സിയാദിനെ കസ്റ്റഡിയില്‍ എടുക്കാന്‍ കാരണമായ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പ്രതികരണം കസ്റ്റഡി മര്‍ദ്ദനം ശരിവെയ്ക്കുന്നതാണ്. വാഹനത്തില്‍ വെച്ച് പോലീസ് സിയാദിനെ തുടരെ അടിച്ചു എന്നാണ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി പറഞ്ഞത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
Story Highlights : Kundara custodial assault allegation; CPO Sreejith suspended
















