ലോസ് ആഞ്ജലീസ്; ഫ്രണ്ട്‌സ് എന്ന ജനപ്രിയ സീരീസിലൂടെ ശ്രദ്ധനേടിയ നടൻ ജെയിംസ് മൈക്കിൾ ടെയ്‌ലർ (59) അന്തരിച്ചു. 2018 മുതൽ പ്രോസ്‌റ്റേറ്റ് കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
1994 ൽ സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്‌സിലൂടെ തന്നെയായിരുന്നു ടെയ്‌ലർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗൻതെർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2021 ൽ പുറത്തിറങ്ങിയ ഫ്രണ്ട്‌സ്: ദ റീയൂണിയനിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.
1962 ൽ ഗ്രീൻവുഡിലാണ് ടെയ്‌ലറിന്റെ ജനനം. ബാല്യകാലത്തു തന്നെ മാതാപിതാക്കളെ നഷ്ടമായ ടെയ്‌ലറെ സഹോദരിയാണ് വളർത്തിയത്. കോളേജ് കാലത്താണ് അഭിനയത്തോട് ടെയ്‌ലറിന് താൽപര്യം തോന്നുന്നത്. പഠനത്തോടൊപ്പം തിയേറ്റർ ഗ്രൂപ്പുകളിലും സജീവമായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ജോർജ്ജിയയിൽ നിന്ന് ഫൈൻ ആർട്ട്‌സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം സിനിമാരംഗത്ത് ഭാഗ്യം പരീക്ഷിക്കാൻ ടെയ്‌ലർ ലോസ് ആഞ്ജലീസിലേക്ക് താമസം മാറി. 1988 ൽ പുറത്തിറങ്ങിയ ഫാറ്റ്മാൻ ആന്റ് ലിറ്റിൽ ബോയ് എന്ന ചിത്രത്തിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു. വിനോദമേഖലയിലെ മറ്റു ജോലികളേക്കാൾ അഭിനയത്തോട് കൂടുതൽ താൽപര്യമുണ്ടായിരുന്ന ടെയ്‌ലർ അതിനിടെ ധാരാളം സിനിമകളുടെയും സീരീസുകളുടെയും ഓഡീഷനുകളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഫ്രണ്ട്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പത്ത് വർഷത്തോളം ഫ്രണ്ട്‌സിന്റെ 236 എപ്പിസോഡുകളിൽ അഭിനയിച്ചു.
















