നെടുമ്പാശേരി ∙ ഇരുവഞ്ഞിപ്പുഴയിൽ നിന്ന് ഇനി വെള്ളം മാത്രമല്ല, ഇനി വൈദ്യുതിയും ലഭിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതി ഉൽപാദന യൂണിറ്റ് നവംബർ 6ന് കമ്മിഷൻ ചെയ്യും. സിയാലിന്റെ നേതൃത്വത്തിലുള്ള ആദ്യജല വൈദ്യുതി ഉൽപാദന യൂണിറ്റ് ആണിത്. സൗരോർജ വൈദ്യുതി ഉൽപാദനത്തിൽ മികവു തെളിയിച്ച ശേഷമാണ് സിയാൽ ജല വൈദ്യുത പദ്ധതികളിലേക്ക് കടക്കുന്നത്.
സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജല വൈദ്യുതി ഉൽപാദന പദ്ധതി പ്രകാരമാണ് ഇതുൾപ്പെടെ ഏതാനും പദ്ധതികൾ നടപ്പാക്കാനുള്ള അനുമതി സിയാലിന് ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഞ്ഞിപ്പുഴയിലാണ് വൈദ്യുതനിലയം സ്ഥാപിച്ചിട്ടുള്ളത്.
4.5 മെഗാവാട്ടാണ് സ്ഥാപിത ശേഷി. 32 സ്ഥലമുടമകളിൽ നിന്നായി 5 ഏക്കർ സിയാൽ ഇതിനായി ഏറ്റെടുത്തു. ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടി. അവിടെ നിന്ന് 500 മീറ്റർ അകലെയുള്ള അരിപ്പാറ പവർ ഹൗസിലേക്ക് പെൻസ്റ്റോക്ക് കുഴൽ വഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവെന്നു സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.
പരിസ്ഥിതി സൗഹൃദം
പുതിയ ജലവൈദ്യുതി പദ്ധതി നദീ ജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്. റൺ ഓഫ് ദ് റിവർ എന്നാണ് ഇത്തരം പദ്ധതികൾ അറിയപ്പെടുന്നത്. ഇതിനായി വലിയ അണ കെട്ടി വെള്ളം സംഭരിച്ച് നിർത്തേണ്ടതില്ല. പരിസ്ഥിതി ആഘാതം വളരെ കുറവ്.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന രണ്ട് ജനറേറ്ററുകളുടെ മൊത്തം സ്ഥാപിത ശേഷി 4.5 മെഗാവാട്ടാണ്. പൂർണ തോതിൽ ഒഴുക്കുള്ള നിലയിൽ പ്രതിദിനം 1.08 ലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. വർഷത്തിൽ 130 ദിവസമെങ്കിലും ഇത്തരത്തിൽ വൈദ്യുതി ഉൽപാദനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. അതു വഴി കുറഞ്ഞത് 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഒരു വർഷം ഉൽപാദിപ്പിക്കാനാകും.
ഉൽപാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകും. പദ്ധതിയുടെ പരീക്ഷണ പ്രവർത്തനം ഒക്ടോബർ ആദ്യം തുടങ്ങി. നവംബർ ആദ്യ വാരത്തോടെ വൈദ്യുതി ഗ്രിഡിലേക്ക് നൽകാൻ കഴിയും.
നവംബർ 6നു രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ സിയാൽ ജല വൈദ്യുത പദ്ധതി നാടിനു സമർപ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, കൊച്ചി രാജ്യാന്തര വിമാനത്താവളം, കോഴിക്കോട് അരിപ്പാറ പവർ ഹൗസ് എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ വെർച്വൽ പ്ലാറ്റ്ഫോമിലാണ് ഉദ്ഘാടനം നടക്കുക. അരിപ്പാറയിലും കൊച്ചിയിലും പ്രത്യേക വേദികളിലാണ് ചടങ്ങുകൾ.
















