വിഴിഞ്ഞം∙ കടലിലെ രക്ഷാ ദൗത്യത്തിനു വിഴിഞ്ഞത്ത് ഇനിയും സംവിധാനമില്ല. ഫിഷറീസ് വകുപ്പ് കോടികൾ ചെലവിട്ട് സജ്ജമാക്കിയ മറൈൻ ആംബുലൻസിന് കടലിൽ ഇറങ്ങാനാകില്ല. കോസ്റ്റൽ പൊലീസ് ബോട്ട് മാസങ്ങളായി കട്ടപ്പുറത്താണ് . കഴിഞ്ഞ ദിവസം പൂന്തുറ ഭാഗത്തെ കടലിൽ മറിഞ്ഞ ബോട്ടിലെ രണ്ടു മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് മറ്റൊരു മത്സ്യബന്ധന ബോട്ടാണ്.
മറിഞ്ഞ ബോട്ടിനെ കെട്ടിവലിക്കാൻ ശ്രമിച്ചപ്പോൾ കയർ പൊട്ടി കടലിൽ താണു.ഇതിനു തൊട്ടു മുൻപത്തെ ദിവസം കടലിൽ മറിഞ്ഞ കട്ടമരത്തിലെ മത്സ്യത്തൊഴിലാളിയും രക്ഷപ്പെട്ടത് ഇതേ രീതിയിൽ. കട്ടമരത്തെ കെട്ടിവലിച്ചെത്തിച്ചത് ക്രൂ ചേഞ്ച് നടത്തിയ മടങ്ങിയ തുറമുഖവകുപ്പിന്റെ ടഗും. കടലിലെ അടിയന്തര ജീവൻ രക്ഷാ ദൗത്യത്തിന് സുസജ്ജം എന്നു പറഞ്ഞാണ് എട്ടു കോടിയിൽ പരം രൂപ ചെലവിട്ട് കഴിഞ്ഞ വർഷം മറൈൻ ആംബുലൻസ് എത്തിച്ചത്. എന്നാൽ ഫലത്തിൽ ഇതു പരാജയമാണെന്ന് ബന്ധപ്പെട്ടവർ തന്നെ പറയുന്നു.
ഒരു മാസത്തിനുള്ളിൽ സേവനത്തിന് തയാറാകും എന്നു പറഞ്ഞ് മേയ് 31 നാണ് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് ബോട്ടിലെ എൻജിൻ അഴിച്ചു കൊണ്ടു പോയത്. നാലര മാസമായിട്ടും തിരികെ എത്തിക്കാനായിട്ടില്ല. ബോട്ട് അന്നു മുതൽ കട്ടപ്പുറത്താണ്. സ്പെയർപാർട്സുകളിൽ ഒന്ന് കൊറിയയിൽ നിന്നു എത്താൻ വൈകുന്നതാണ് എൻജിൻ പണി നീളാൻ കാരണമെന്നു പറയുന്നു. കോസ്റ്റ് ഗാർഡ് ബോട്ടുകൾ ഉണ്ടെങ്കിലും ഉന്നത നിർദ്ദേശം കിട്ടാതെ ഇവ കടലിൽ ഇറക്കാകില്ലെന്ന പരിമിതിയുണ്ട്.
















