വെച്ചൂച്ചിറ ∙ സംഹാരരുദ്രയായ പ്രകൃതിക്കു മുന്നിൽ എട്ടു മണിക്കൂർ ഭീതിയിൽ കഴിഞ്ഞു അഞ്ചു കുടുംബങ്ങൾ. കൊടുംവനത്തിലൂടെ സാഹസികമായെത്തിയ അഗ്നി രക്ഷാസേനാംഗങ്ങളുടെ കൈകളിലൂടെ ഉടുതുണിയൊഴികെ എല്ലാം ഉപേക്ഷിച്ച് അർധരാത്രിയിൽ രക്ഷപെട്ട് . ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായ കുരുമ്പൻമൂഴിയിൽ 5 കുടുംബങ്ങൾ സഹിച്ച വേദന വാക്കുകളിൽ ഒതുങ്ങില്ല. കുരുമ്പൻമൂഴി വനത്തിൽ ഉരുൾപൊട്ടി പനംകുടന്ത തോട്ടിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയത് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ്. നിമിഷങ്ങൾക്കകം മലവെള്ളപ്പാച്ചിൽ ആർത്തലച്ചെത്തി. പുരയിടങ്ങളിലൂടെയെല്ലാം വെള്ളം ഗതിമാറി ഒഴുകി.
കല്ലും മണ്ണുമൊക്കെ വെള്ളത്തിലൂടെ കുതിച്ചു പാഞ്ഞു. മരങ്ങൾ കടപുഴകി വീണു. . വൈദ്യുതി അന്യമായി. മണ്ണെണ്ണ വിളക്കുകളുടെയും ടോർച്ചിന്റെയും പ്രകാശം മാത്രം. ഇതിനെല്ലാം മൂകസാക്ഷികളായി പന്തക്കല്ല്, പനംകുടന്ത തോടുകൾക്കും വനത്തിനും ഇടയിലായി 5 കുടുംബങ്ങളിലെ 2 കുട്ടികളും ഗർഭിണിയുമടക്കം 23 പേർ. ഇടയ്ക്കിടെ പുറത്തു നിന്നെത്തുന്ന ഫോൺ കോളുകൾ മാത്രമാണ് അവർക്ക് ആശ്വാസം പകർന്നത്. രാത്രി 9 മണിയോടെ റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് 2 അഗ്നിരക്ഷാ യൂണിറ്റുകളെത്തി.
പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന് കുരുമ്പൻമൂഴി കോസ്‌വേ മുങ്ങിയതിനാൽ അവർക്ക് മറുകര കടക്കാനായില്ല. നാറാണംമൂഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കലും അംഗം സാംജി ഇടമുറിയും അഗ്നി രക്ഷാസേനയ്ക്ക് സഹായവുമായെത്തി. ചെളിയിലും കയറിപ്പോകുന്ന 2 ജീപ്പുകളിലായി അവർ ഇടത്തിക്കാവ് തടയണയോടു ചേർന്ന വനത്തിലൂടെ കുരുമ്പൻമൂഴിയിലേക്കു നീങ്ങി. രാത്രി പത്തേകാലോടെ കുരുമ്പൻമൂഴിയിൽ എത്തി.
അതിനു മുൻപേ കൊല്ലമുള വില്ലേജ് ഓഫിസർ സാജൻ ജോസഫും വനം വകുപ്പ് വാച്ചർ പി.എൻ.മധുവും കെഎസ്ഇബി ജീവനക്കാരൻ ഷാജിയും വെള്ളം വകവയ്ക്കാതെ കോസ്‌വേയിലൂടെ കുരുമ്പൻമൂഴിയിലെത്തിയിരുന്നു. വെളിച്ചം നിറയ്ക്കാൻ അഗ്നി രക്ഷാസേനാംഗങ്ങൾ ആദ്യം അക്സാ ലൈറ്റ് തെളിയിച്ചു. പിന്നാലെ പനംകുടന്ത തോടിനു കുറുകെ വടങ്ങൾ കെട്ടി. മലവെള്ളപ്പാച്ചിലിൽ വീണ മരങ്ങൾ മുറിച്ചിട്ട് നടപ്പാലം ഒരുക്കി. നാട്ടുകാരും ഇതിൽ പങ്കാളികളായപ്പോൾ രക്ഷാപ്രവർത്തനം വേഗത്തിലായി. രാത്രി 12 മണിയോടെയാണ് എല്ലാവരെയും രക്ഷിച്ച് 2 വീടുകളിലെ ക്യാംപുകളിലാക്കിയത്.
കോസ്‌വേയിൽ വീണു കിടന്ന തടികൾ മുറിച്ചു നീക്കി അഗ്നി രക്ഷാസേനാംഗങ്ങൾ മടങ്ങുമ്പോൾ നേരം പുലർന്നു തുടങ്ങിയിരുന്നു. പത്തനംതിട്ട സ്റ്റേഷൻ ഓഫിസർ ജോസഫ് ജോസഫ്, റാന്നി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ജി.സന്തോഷ്കുമാർ, ലീഡർ ഫയർ റസ്ക്യൂ ഓഫിസർമാരായ എ.എസ്.ശ്രീജിത്ത്, എസ്.സതീഷ്കുമാർ, ശ്രീകുമാർ, അസീം അലി, സ്കൂബാ സംഘത്തിലെ സിനൂബ് സാം, ഫയർ റസ്ക്യൂ ഓഫിസർമാരായ കെ.പി.പ്രദീപ്, ആർ.അരുൺസിങ്, എ.അനന്ദ്, ഗിരീഷ് കൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
















