മസ്‍കത്ത്: ഒമാനിലെ ഖസബ് (Khasab) കുടിവെള്ള പ്ലാന്റിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ വിശദീകരണവുമായി ഒമാനി വാട്ടർ ആന്റ് വേസ്റ്റ് വാട്ടർ കമ്പനി (Omani Water and Wastewater Services Company). കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്ന ഡീസലൈനേഷൻ പ്ലാന്റ് (desalination plant) ഒമാനിലെ ഗുണനിലവാര മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതാണെന്ന് അധികൃതർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
ഖസബ് വിലായത്തിലെ ഡീസലൈനേഷൻ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ഒക്ടോബർ ആദ്യത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പ്രതിദിനം 10,000 ക്യുബിക് മീറ്റർ കുടിവെള്ള ഉത്പാദനമാണ് ഇവിടെ നടക്കുന്നത്. ഖസബ് വിലായത്തിലെ കുടിവെള്ള സുരക്ഷ ഉറപ്പാക്കാനാണ് പ്ലാന്റ് തുടങ്ങിയത്. പ്ലാന്റിൽ നിന്നുള്ള വെള്ളം ഓരോ ദിവസവും പരിശോധിക്കുകയും ഒമാനിലെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഖസബ് വിലായത്തിലെ ജനങ്ങൾ നാല് പതിറ്റാണ്ടുകളിലധികമായി ഭൂഗർഭ ജലത്തെയാണ് ആശ്രയിച്ചുവരുന്നത്.
ഇപ്പോൾ പ്രദേശത്തെ കുടിവെള്ള സുരക്ഷ ഉറപ്പുവരുത്താനാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചാണ് വീഡിയോ ക്ലിപ്പിൽ പ്രതിപാദിക്കുന്നത്. എന്നാൽ സ്റ്റേഷനിൽ നിന്നും ടാങ്കിൽ നിന്നുമൊക്കെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ഇത് കുടിവെള്ളത്തിനായുള്ള ഒമാന്റെ അംഗീകൃത മാനദണ്ഡങ്ങൾ പ്രകാരമുള്ളതാണെന്ന് കണ്ടെത്തുകയും ചെയ്‍തതായി അധികൃതർ അറിയിച്ചു.
















