വടശേരിക്കര: കനത്ത മഴയിൽ പത്തനംതിട്ട കുരുമ്പൻമൂഴി മണക്കയത്ത് ജനവാസ മേഖലയിൽ ഉരുൾപൊട്ടി അഞ്ചോളം കുടുംബങ്ങളിലെ ഇരുപതോളം പേർ ഒറ്റപ്പെട്ടു. അഞ്ചു വീടുകളെ തുരുത്തു പോെലയാക്കി തോടുകളിലൂടെ വെള്ളം കുത്തിയൊലിച്ചൊഴുകി. പനംകുടന്ത അരുവിയിലെത്തി ചേരുന്ന തോടുകളിലാണ് വെള്ളം നിറഞ്ഞത്. പമ്പാനദിയിലെ കുരുമ്പൻമൂഴി കോസ് വേ പൂർണ്ണമായും മുങ്ങി കിടക്കുന്നതിനാൽ രക്ഷാ പ്രവർത്തനവും ഏറെ നേരം വഴിമുട്ടി.
പുറത്തു നിന്നുള്ള ഏക വഴിയായ പെരുന്തേനരുവി കൂപ്പു റോഡിലും മണ്ണിടുകയും കലുങ്ക് അപകടത്തിൽ പെടുകയും ചെയ്തു. കൂപ്പു റോഡു വഴി എത്തിയ അഗ്നിശമന സേനയ്ക്കും പഞ്ചായത്ത് അധികൃതർക്കും രാത്രി വൈകിയും സ്ഥലത്ത് എത്താനായില്ല. ഇതോടെ കുരുമ്പൻമൂഴി മണക്കയം കോളനികൾ പുറം ലോകവുമായി പൂർണ്ണമായും ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടു പോയ കുടുംബത്തിൽ ഗർഭിണിയും വയോധികരുമുണ്ട്.
സാവിത്രി ആഞ്ഞിലിമൂട്ടിൽ, രാഘവൻ പൂവത്തുംമൂട്ടിൽ, സത്യൻ പൂവത്തുംമൂട്ടിൽ,സ രോജിനി കറുത്തേടത്ത്, ഷൈനി കറുത്തേടത്ത് എന്നവരുടെ കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. മൂന്നു വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ നാശനഷ്ടങ്ങൾ വിലയിരുത്താനായിട്ടില്ലെന്ന് വാർഡ് അംഗം മിനി ഡൊമിനിക് അറിയിച്ചു.
ആനയും കാട്ടുപോത്തും അടക്കമുള്ള വനത്തിലൂടെ യാത്ര ചെയ്ത് രക്ഷാപ്രവർത്തനത്തിന് പുറത്തു നിന്നും ഇവിടേക്ക് ജനങ്ങൾക്ക് എത്തിച്ചേരാനും കഴിയില്ല. വൈദ്യുതി തൂണുകൾ കഴിഞ്ഞ പ്രളയത്തിൽ തകർന്നതിനാൽ കോളനികൾ ഇരുളിലാണ്ടിരിക്കുകയാണ്.

















