തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍(Mullaperiyar Dam) ജലനിരപ്പ് ഉയരുന്നു. 135.80 അടിയായാണ് ഉയർന്നത്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കും. നിലവില്‍ ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത്.
തമിഴ്‌നാട് 2150 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. 142 അടിയാണ് ഡാമിൻ്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 136ല്‍ എത്തുമ്പോള്‍ മുതല്‍ നിയന്ത്രിത തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിൻ്റെ ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
നിലവിലുള്ള പ്രോട്ടോകോള്‍ പ്രകാരം ജലനിരപ്പ് 136ല്‍ എത്തിയാല്‍ തമിഴ്‌നാട് കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കും. 138ല്‍ രണ്ടാമത്തെ അറിയിപ്പും 140ല്‍ ആദ്യ മുന്നറിയിപ്പും 141ല്‍ രണ്ടാം മുന്നറിയിപ്പും നല്‍കും. ജലനിരപ്പ് 142 അടിയിലെത്തിയാല്‍ മാത്രമെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളൂ.

















