തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും(Swapna Suresh) സരിത്തും(Sarith) വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കസ്റ്റംസിൻ്റെ കുറ്റപത്രത്തില്‍ പറയുന്നു. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് സൗകര്യം ഒരുക്കിയത് സ്വപ്‌നയാണ്. ഗൂഢാലോചനയിലും സ്വര്‍ണക്കടത്തിലും സ്വപ്‌നയ്ക്ക് നിര്‍ണായക പങ്കാളിത്തമുണ്ട്. സരിത്തുമായി സ്വപ്‌ന അടുപ്പത്തിലായിരുന്നു. കൂടുതല്‍ പണം സമ്പാദിച്ചശേഷം നിലവിലുള്ള ജീവിത പങ്കാളികളെ ഉപേക്ഷിച്ച് ഇരുവരും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനായി സ്വപ്‌നയുടെ കമ്മീഷന്‍ വിഹിതം കൂടി എടുക്കാന്‍ സരിത്തിന് അനുവദിച്ചു. കോണ്‍സുലേറ്റ് ജനറലിന് ദുബായില്‍ വീടു പണിയാന്‍ പണം ആവശ്യമുണ്ടെന്നും നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പ്രതിഫലമായി അദ്ദേഹത്തിന് പണം നല്‍കണമെന്ന് സ്വപ്‌ന മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചു. പ്രതിഫലമായി 14.5 ലക്ഷം രൂപ കൈപ്പറ്റിയെന്നും സന്ദീപ് മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
നയതന്ത്ര പാഴ്‌സലിനുള്ളില്‍ സ്വര്‍ണം കടത്താനുള്ള അനുമതിക്കു വേണ്ടി കോണ്‍സല്‍ ജനറലിനു ഒരു കിലോഗ്രാം സ്വര്‍ണത്തിനു 1000 ഡോളര്‍ വീതം നല്‍കണമെന്നു റമീസിനെയും സന്ദീപിനെയും അറിയിച്ചത് സരിത്താണ്. സ്വര്‍ണക്കടത്തുകാര്‍ കടത്തു കമ്മിഷനായി കള്ളനോട്ടു നല്‍കുമെന്ന് കോണ്‍സല്‍ ജനറല്‍ മുന്നറിയിപ്പു നല്‍കിയപ്പോള്‍ അതു പരിശോധിക്കാന്‍ കഴിയുന്ന നോട്ടെണ്ണല്‍ മെഷീന്‍ വാങ്ങി. അഡ്മിന്‍ അറ്റാഷെക്കു കമ്മിഷന്‍ നല്‍കാന്‍ ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റിയതും സരിത്താണെന്ന് കുറ്റപത്രം പറയുന്നു.

















