തൃശൂർ: ചാലക്കുടി പരിയാരത്ത് 15 വീടുകളിൽ വെള്ളംകയറി. കപ്പത്തോട് കരകവിഞ്ഞാണ് വീടുകളിൽ വെള്ളം കയറിയത്. ആതിരപ്പള്ളി വനമേഖലയിൽ ഉരുൾെപാട്ടലുണ്ടായെന്ന് സംശയമുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. തമിഴ്നാട് തീരത്തിനടുത്ത് രൂപംകൊണ്ട ചക്രവാതചുഴിയാണ് കേരളത്തിൽ മഴക്കുള്ള കാരണം.
മഴ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ചില ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇടുക്കി, കക്കി ഡാമുകൾ റെഡ് അലർട്ടിൽ നിന്നും ഇന്നലെ ഓറഞ്ച് അലർട്ടിലേക്ക് മാറി. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

















