കോട്ടയം : ജില്ലയിൽ പ്രകൃതിക്ഷോഭത്തിൽ വൈദ്യുതിമേഖലയ്ക്കുണ്ടായത് നാല് കോടി രൂപയുടെ നഷ്‌ടമെന്ന് പ്രാഥമിക കണക്ക്. ജില്ലയിലെ ഒരു ലക്ഷം ഉപഭോക്താക്കളെയാണ് വൈദ്യുതി പ്രതിസന്ധി നേരിട്ട് ബാധിച്ചത്. 850 ട്രാൻസ് ഫോർമറുകളും അഞ്ഞൂറിലേറെ പോസ്റ്റുകളും തകർന്നു. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും കനത്ത നാശം വിതച്ച കൂട്ടിക്കൽ, ഈരാറ്റുപേട്ട, പൂഞ്ഞാർ , മുണ്ടക്കയം, എരുമേലി, പാറത്തോട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് കെഎസ്ഇബിക്കും വലിയ നഷ്ടം. ഈ പ്രദേശങ്ങൾ ഉൾപ്പെടുന്ന പാലാ സർക്കിളിൽ നഷ്ടം മൂന്നേകാൽ കോടിരൂപ. മണിമല , പത്തനാട് സെക്ഷനുകളിലായി 78 ലക്ഷം രൂപയുടെയും നഷ്ടവും കണക്കാക്കുന്നു. 1,04,809 ഉപഭോക്താക്കളെയാണ് വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബാധിച്ചത്. പ്രളയബാധിത മേഖലകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ യുദ്ധകാലടിസ്ഥാനത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്.
853 ട്രാൻസ് ഫോർമറുകൾക്ക് കേട്പാട് സംഭവിച്ചു.185 ഹൈടെൻഷൻ പോസ്റ്റുകളും 241 ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. പത്തര കിലോമീറ്റർ ഹൈടെൻഷൻ ലൈനുകൾക്കും 16 കിലോമീറ്റർ ലോടെൻഷൻ ലൈനുകൾക്കും നാശമുണ്ടായി. കോട്ടയം സർക്കിളിലെ കേട്പാടുകൾ വ്യാഴാഴ്ചയോടെ പരിഹരിച്ചു. പാലാ സർക്കിളിലെ പ്ലാപ്പിള്ളി, വടക്കേമല, മുണ്ടക്കയം, കൂട്ടിക്കൽ ടൗൺ, ഏഴേക്കർ, ഉറുമ്പിക്കര എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ തന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കും. മറ്റ് സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതായി കെ.എസ്. ഇ .ബി അധികൃതർ അറിയിച്ചു.

















