ന്യൂഡല്‍ഹി: സില്‍വർ ലൈൻ (silver line) പദ്ധതി മൂലമുണ്ടാകുന്ന വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. കടബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാനത്തിനാകുമോയെന്നും റെയില്‍വേ മന്ത്രാലയം ആരാഞ്ഞു. എന്നാല്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ മറുപടി.
63941 കോടി രൂപയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് ആകെ ചെലവ്. ഇതിൽ 33700 കോടി രൂപയാണ് രാജ്യാന്തര ഏജൻസികളിൽ നിന്നും വായ്പ എടുക്കാൻ തീരുമാനിച്ചിരുന്നത്. ഇതിന്‍റെ നിശ്ചിത ശതമാനം ബാധ്യത കേന്ദ്രവും സംസ്ഥാനവും വഹിക്കുമെന്നായിരുന്നു ധാരണ. ഇതിലാണ് വ്യക്തത വരുത്താൻ കേന്ദ്രം ഇപ്പോൾ നിർദേശം നൽകിയത്. നിലവിലെ സാഹചര്യത്തിൽ ഈ ബാധ്യത ഏറ്റെടുക്കാൻ കേന്ദ്രത്തിന് സാധിക്കില്ലെന്നും സംസ്ഥാനത്തിന് ഏറ്റെടുക്കാനാകുമോ എന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു. പരിശോധിച്ച് തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വരുന്ന നവംബർ ആദ്യവാരത്തോടെ സില്‍വർ റെയിലുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയം യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര റെയില്‍വെ മന്ത്രി, റെയില്‍വേ ഉന്നത ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറി, കെ റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. 63,941 കോടിയാണ് തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയില്‍ ലൈൻ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. ഇതില്‍ 2150 കോടി രൂപയാണ് കേന്ദ്രവിഹിതം.
പ്രോജക്ടിന് റെയില്‍വേ മന്ത്രാലയം പ്രാഥമിക അംഗീകാരം നല്‍കിയിട്ടുള്ളതും അന്തിമ അനുമതിക്കായി ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളതുമാണ്. കേന്ദ്ര ധനമന്ത്രാലയം ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകാനും അനുമതി നല്‍കിയിട്ടുണ്ട്. വായ്പ ബാധ്യത സംബന്ധിച്ച് വ്യക്തത വന്നാൽ മാത്രമേ ഇനി അന്തിമ അനുമതി ലഭിക്കാൻ സാധ്യതയുള്ളു.
കേരളത്തില്‍ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് നിലനില്‍ക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കുമ്പോഴും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയും പരിസ്ഥിതിക്ക് കോട്ടവും സംഭവിക്കുമെന്നതാണ് പദ്ധതിയെ എതിര്‍ത്ത് പ്രതിപക്ഷം ഉന്നയിക്കുന്ന വാദങ്ങള്‍. പരിസ്ഥിതി ആഘാത പഠനം നടന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

















