തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി. കുട്ടിയുടെ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍ അജിത്തിന്റെ പേരിന് പകരം ജയകുമാര്‍ എന്ന പേരാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് നല്‍കിയിരിക്കുന്നത്. കവടിയാര്‍ കുറവന്‍കോണം സ്വദേശിയാണ് അജിത്. എന്നാല്‍ ജനനസര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്നത് തിരുവനന്തപുരം മണക്കാടുള്ള ഒരു മേല്‍വിലാസമാണ്.
കാട്ടാക്കാട ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റർ ചെയ്ത ജനന സർട്ടിഫിക്കറ്റിന്‍റെ പകർപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കിയത് തന്‍റെ അച്ഛനാണെന്ന് അനുപമ പറഞ്ഞു. ഇതോടെ തുടക്കം മുതൽക്ക് തന്നെ കുട്ടിയെ അനുപമയിൽനിന്ന് മാറ്റാൻ ആസൂത്രിത നീക്കം നടന്നുവെന്നാണ് വ്യക്തമാവുന്നത്. അനുപമയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ വ്യാജ വിവരങ്ങളാണ് നൽകിയത്.
പഞ്ചായത്ത് നല്‍കിയ ജനനസര്‍ട്ടിഫിക്കേറ്റില്‍ കുട്ടിയുടെ അമ്മയുടെ പേരിന്റെ സ്ഥാനത്ത് അനുപമ എസ് ചന്ദ്രന്‍ എന്ന് കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്തിന് പകരം ഒരു ജയകുമാര്‍ സി എന്ന വ്യക്തിയുടെ പേരാണ് നല്‍കിയിരിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ദത്തിന്‍റെ വിശദാംശങ്ങള്‍ തേടി സി.ഡബ്ല്യു.സിക്ക് പോലീസ് കത്ത് നല്‍കി. സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്കും പോലീസ് കത്ത് നല്‍കും. അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ച ദിവസം ആണ്‍കുട്ടിയെ ലഭിച്ചെന്ന് ശിശുക്ഷേമ സമിതി പോലീസിനെ അറിയിച്ചു. തൈക്കാട് അമ്മത്തൊട്ടിലില്‍ നിന്നാണ് കുഞ്ഞിനെ ലഭിച്ചത്. പോലീസിന് നല്‍കിയ മറുപടിയിലാണ് ശിശുക്ഷേമ സമിതി ഇക്കാര്യം വ്യക്തമാക്കിയത്.

















