ഡൽഹി : കോപ്പൻഹേഗൻ ∙ 3–ാം ഗെയിമിലേക്കു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ തായ്‌ലൻഡിന്റെ ബുസാനൻ ഒങ്ബാംറങ്ഫാനെ കീഴടക്കി ഇന്ത്യയുടെ പി.വി.സിന്ധു ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റനിൽ ക്വാർട്ടർ ഫൈനലിലെത്തി. സ്കോർ: 21–16, 12–21, 21–15. മത്സരം 67 മിനിറ്റ് നീണ്ടുനിന്നു.
ടോക്കിയോ ഒളിംപിക്സ് വെങ്കല ജേതാവായ സിന്ധുവിനു തായ്‌ലൻഡുകാരിയായ എതിരാളി വൻ വെല്ലുവിളിയാണ് ഉയർത്തിയത്. തുടരെ 8 പോയിന്റുകൾ നേടിയാണ് ആദ്യ ഗെയിമിൽ സിന്ധു എതിരാളിയുടെ മുന്നേറ്റം തടഞ്ഞത്. 2–ാം ഗെയിമിൽ ഇന്ത്യൻ താരം ഏറെ പിഴവുകൾ വരുത്തി. ഗെയിം നഷ്ടപ്പെട്ടു. 3–ാം ഗെയിമിൽ 4 പോയിന്റിന്റെ ലീഡ് നേടിയ സിന്ധു അതു മുതലെടുത്ത് ഗെയിമും മത്സരവും സ്വന്തമാക്കി. ഒളിംപിക്സിനുശേഷം സിന്ധുവിന്റെ ആദ്യ ടൂർണമെന്റാണിത്.