തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ 8 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്.
കോട്ടയത്ത് നിന്ന് ക്ലാരമ്മ, സിനി,സോന, സാന്ദ്ര, മാർട്ടിൻ, സ്നേഹ, റോഷ്നി, സരസമ്മ മോഹനൻ, സോണിയ, അലൻ, ഷാലെറ്റ്,രാജമ്മ,സിസിലി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
കോഴിക്കോട് വടകര കണ്ണൂക്കര സ്വദേശി പട്ടാണി മീത്തൽ ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കുന്നുമ്മക്കരയിലെ മാതാവിൻ്റെ വീട്ടിലായിരുന്നു റൈഹാൻ ഉണ്ടായിരുന്നത്. രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ വീഴുകയായിരുന്നു. പരിസരവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.