മാവേലിക്കര: കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആശങ്കയിലായി ചെങ്ങന്നൂര്‍ നിവാസികള്‍. ചെങ്ങന്നൂരിലൂടെ കടന്നുപോകുന്ന പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലെ ജലനിരപ്പാണ് ആശങ്ക ഉണ്ടാക്കത്തക്ക വിധത്തില്‍ ഉയര്‍ന്നിരിക്കുന്നത്.
പല ഭാഗങ്ങളിലും നദി കരകവിയുന്ന അവസ്ഥയുണ്ടെന്ന് ചെങ്ങന്നൂര്‍ നിവാസികള്‍ പറയുന്നു. ഇവിടത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒരു മീറ്റർ താഴ്ന്ന ജലനിരപ്പ് വീണ്ടും വർധിച്ചതാണ് നിലവിലെ ആശങ്കയ്ക്കു കാരണം.
ജില്ലയിൽ നിലവിൽ 12 ദുരിതാശ്വാസ ക്യാന്പുകളാണ് തുറന്നിട്ടുള്ളത്. നിരവധി പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. നദികളുടെ സമീപത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്.