തൃശ്ശൂര്‍: കനത്ത മഴക്കൊപ്പമുള്ള ഇടിമിന്നലേറ്റ് തൃശ്ശൂരില്‍ 11 തൊഴിലാളികള്‍ക്ക് പരുക്ക്. മരോട്ടിച്ചാല്‍ കള്ളായിക്കുന്നിലാണ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റത്. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല.
പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂര്‍ വരന്തരപ്പിള്ളി കല്ക്കുഴിയില് ഇടിമിന്നലേറ്റ് പശു ചത്തിരുന്നു.
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിരപ്പിള്ളി, മലക്കപ്പാറ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു. ബീച്ചുകളിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.
മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാലയാത്ര 18 വരെ നിരോധിച്ചു. പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലുയിസ് വാള്‍വ് വഴി കൂടുതല്‍ ജലം പുറത്തേക്കൊഴുക്കിയതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. വൈകിട്ട് ആറരയോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. സെക്കന്റില്‍ 200 ഘനയടി വെള്ളമാണ് പെരിങ്ങല്‍ക്കുത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്നത്. ജില്ലയില്‍ രണ്ട് ക്യാംപുകളിലായി 23 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.