ന്യൂഡല്‍ഹി: ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരും. എഐസിസി ആസ്ഥാനത്ത് രാവിലെ 10 നാണ് യോഗം ആരംഭിക്കുക. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൻ്റെ നടപടിക്രമങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചേക്കും.
ബൂത്ത് തലം മുതൽ അംഗത്വ വിതരണം നടപ്പാക്കി പൂർണതോതിലുള്ള സംഘടനാ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസിൻ്റെ പുതിയ പ്രസിഡന്റിനെ അടുത്ത വർഷം കണ്ടെത്താനാണ് ആലോചന. തെരഞ്ഞെടുപ്പ് നടപടികൾ 7–8 മാസം നീളും. അതുവരെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി തുടരും.
അനാരോഗ്യം അലട്ടുന്ന സോണിയയുടെ പിൻഗാമിയെ എത്രയും വേഗം നിയമിക്കണമെന്ന ആവശ്യം ജി 23 നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക് എന്നിവരാണ് ജി 23 സംഘത്തിൽനിന്നുള്ള പ്രവർത്തക സമിതിയംഗങ്ങൾ. സംഘത്തെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളായ കമൽനാഥ്, അംബിക സോണി എന്നിവരെ സോണിയ അടുത്തിടെ നിയോഗിച്ചിരുന്നു.
ഗുജറാത്ത്, ബംഗാൾ ജനറൽ സെക്രട്ടറിമാരുടെ ഒഴിവുകൾ ഇതുവരെ നികത്തിയിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയും പ്രവർത്തക സമിതി യോഗം ചർച്ച ചെയ്യും. എഐസിസി പുനഃസംഘടന സംബന്ധിച്ചുള്ള ചർച്ചകളും ആരംഭിച്ചേക്കും.