ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ്പ് ജേതാവായി ചെന്നൈ സൂപ്പർ കിംഗ്സ് താരം ഋതുരാജ് ഗെയ്ക്‌വാദ്. 635 റൺസോടെയാണ് 24കാരനായ താരം ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. സീസണില്‍ നാല് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പടെയായിരുന്നു ഗെയ്ക്വാദിന്‍റെ ഇന്നിങ്സ്.
2008ൽ കിംഗ്സ് ഇലവൻ പഞ്ചാബിനു വേണ്ടി 616 നേടിയ ഓസീസ് താരം ഷോൺ മാർഷിൻ്റെ റെക്കോർഡ് ആണ് ഗെയ്ക്‌വാദ് തകര്‍ത്തത്. ഓറഞ്ച് ക്യാപ്പ് നേടുമ്പോൾ 25 വയസായിരുന്നു മാർഷിന് ഉണ്ടായിരുന്നത്.
പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലിനേക്കാള്‍ 23 റണ്‍സ് മാത്രം പിന്നിലായിരുന്നു ഫൈനല്‍ മത്സരത്തിന് മുമ്പ് ഗെയ്ക്വാദ്. പഞ്ചാബ് നേരത്തെ പുറത്തായതുകൊണ്ട് തന്നെ ഗെയ്ക്വാദ് ഓറഞ്ച് ക്യാപ് നേടുമെന്ന് തന്നെയായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ചെന്നൈയുടെ തന്നെ ഫാഫ് ഡുപ്ലസിയും ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ അവസാന നിമിഷം വരെ സാധ്യതയുണര്‍ത്തി. മത്സരം തുടങ്ങുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന ഡുപ്ലസി കിടിലന്‍ ഇന്നിങ്സിലൂടെ 86 റണ്‍സ് നേടി. ഇതോടെ ഡുപ്ലസിയുടെ ആകെ റണ്‍ നേട്ടം 633 ആയി. ഓറഞ്ച് ക്യാപ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ഡുപ്ലസി ഫൈനല്‍ കഴിഞ്ഞപ്പോള്‍ അതോടെ രണ്ടാം സ്ഥാനത്തായി.
ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 193 റൺസ് ആണ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസാണ് നേടിയത്. 86 റൺസെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടോപ്പ് സ്കോററായി. മൊയീൻ അലി (37), ഋതുരാജ് ഗെയ്ക്‌വാദ് (32), റോബിൻ ഉത്തപ്പ (31) എന്നിവരാണ് ചെന്നൈയുടെ മറ്റ് പ്രധാന സ്കോറർമാർ. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ 2 വിക്കറ്റ് വീഴ്ത്തി.