കാസർഗോഡ്, വെള്ളരിക്കുണ്ട് കോട്ടഞ്ചേരി പാമത്തട്ടിലെ നിർദ്ദിഷ്ഠ കരിങ്കൽ ക്വാറിക്കെതിരെ ജനങ്ങളുടെ സമരം ശക്തമാവുകയാണ്. കരിങ്കൽ ക്വാറി സ്ഥാപിക്കുന്ന വിഷയം നിലവിൽ കളക്ടറുടെ മുന്നിലാണ്. കളക്ടർ അനുമതി നൽകിയാൽ അത് വെള്ളരിക്കുണ്ട് കോട്ടഞ്ചേരി പാമത്തട്ടിലെ ജനങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. ഈ സാഹചര്യത്തിലാണ് ഇവർ സമരം ശക്തമാക്കുന്നത്.
ക്വാറിക്ക് എക്സ്പ്ളോസീവ് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ നിരാക്ഷേപ പത്രം നിരസിച്ച പശ്ചാത്തലത്തിൽ പ്രസ്തുത വിഷയം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയിൽ നിന്ന് അടുത്ത കാലത്ത് നിർദ്ദേശമുണ്ടായിരുന്നു. ക്വാറി നടത്താൻ ശ്രമിക്കുന്ന കമ്പനി നൽകിയ കേസിലുണ്ടായ പ്രസ്തുത വിധിയുടെ പശ്ചാത്തലത്തിലാണ് ഈ വിഷയം കലക്ടറുടെ പരിഗണയിലെത്തിയിരിക്കുന്നത്. ഇത് പാമത്തട്ട് മുട്ടോംകടവ് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കയാണ്.
കോട്ടഞ്ചേരി വനത്തിൻ്റെ ഭാഗമായ പ്രകൃതി രമണീയമായ പന്നിയാർമാനിയുടെ തൊട്ടു താഴെയാണ് ക്വാറി പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകിയാണ് പാരിസ്ഥിതിക്കാനുമതി നേടിയിട്ടുളളത് എന്നു കാണിച്ച് അത് റദ്ദാക്കാൻ ഹൈക്കോടതിയിൽ കേസും ഇക്കാര്യത്തിലുള്ള സംസ്ഥാനതല സംവിധാനത്തിൽ അപ്പീലും നൽകിയിട്ടുണ്ടു്. ഈ പശ്ചാത്തലത്തിലും മുൻപ് നടന്നിട്ടുള്ള ജനകീയ സമരങ്ങളിലൂടെ പ്രകടമായ ജനവികാരം മാനിച്ചുമാണ് പബ്ളിക്ക് ഹിയറിംഗ് നടത്തി കലക്ടർ എക്സ്പ്ളോസീവ് ലൈസൻസിനുള്ള നീക്കം തടഞ്ഞത്.
2020 നവംബർ ഒന്നുമുതൽ കൊന്നക്കാട് ടൗണിൽ 100 മണിക്കൂർ റിലേ നിരാഹാര സമരമുൾപ്പെടെ അന്ന് നടത്തിയിരുന്നു. തെറ്റായ വിവരങ്ങൾ നൽകി ക്വാറിക്കാർ നേടിയ ഇ.സി റദ്ദു ചെയ്യുക, എക്സ്പ്ലോസീവ് ലൈസൻസിനു കളക്ടർ അനുമതിപത്രം നൽകരുത്, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കോട്ടഞ്ചേരി മലനിരകളെ ഖനനത്തിന്റെ പിടിയിൽ നിന്നും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നിര്ത്തിയായിരുന്നു അന്ന് സമരം തുടങ്ങിയത്. സമരത്തെ തുടർന്ന് കലക്ടർ എക്സ്പ്ളോസീവ് ലൈസൻസിനുള്ള നീക്കം തടഞ്ഞിരുന്നു.
അതോടെ താൽക്കാലികമായി നിർത്തിവച്ചിരുന്ന സമരപരിപാടികളാണ് കനത്ത മഴയെ അവഗണിച്ചും കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളിലെ നിൽപ്പു സമരത്തോടെ പുനരാരംഭിച്ചിരിക്കുന്നത്. പാമത്തട്ട് സമര പന്തലിലും കൊന്നക്കാട് പോസ്റ്റാഫീസിനു മുമ്പിലും മാലോത്ത് വില്ലേജാഫീസ് പടിക്കലും വെളളരിക്കുണ്ട് താലൂക്ക് സിവിൽ സ്റ്റേഷനു മുന്നിലും കാസർഗോഡു് കലട്രേറ്റു പടിക്കലും കഴിഞ്ഞ ദിവസം നിൽപ്പു സമരം നടന്നു.
അതിനു പുറമെ സീക്കിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഗാന്ധി പാർക്കിലും കെ.പി.ജെ.എസിൻ്റെ നേതൃത്വത്തിൽ എളേരിത്തട്ടിലും നിൽപ്പു സമരം ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ നിശ്ചയിച്ചിരുന്ന സാംസ്കാരിക പ്രവർത്തകരുടെ നിൽപ്പു സമരം മറ്റൊരു ദിവസത്തേക്ക് മാറ്റി. വരും ദിവസങ്ങളിലും സമരം തുടരാനാണ് തന്നെയാണ് പ്രദേശവാസികളുടെ തീരുമാനം.
പഞ്ചായത്ത് മെമ്പർ മോൻസി ജോയി, അഡ്വ.ടി.വി.രാജേന്ദ്രൻ, അമ്പലത്തറ കുഞ്ഞുകൃഷ്ണൻ, മാത്യൂസ് വലിയവീട്ടിൽ, ഇ കെ.ഷിനോജ്, റിജോഷ് എം.ജെ, കെ.വി.കൃഷ്ണൻ, ജിജോ പി.മാനുവേൽ തുടങ്ങിയവരാണ് സമരത്തെ നയിക്കുന്നത്. ഭയാശങ്കകളില്ലാതെ ജീവിക്കാനും അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുമുള്ള പോരാട്ടത്തിലാണവർ. കാസർഗോഡ്, വെള്ളരിക്കുണ്ട് കോട്ടഞ്ചേരി പാമത്തട്ടിലെ ജനങ്ങളുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാൻ ഏറെ നാൾ സർക്കാരിനും അധികൃതർക്കും സാധിക്കില്ല.