അബൂദബി: ജീവിതച്ചെലവ് കുറക്കാന്‍ എമിറേറ്റിൽ വാടക കുറഞ്ഞ മേഖലകളിലേക്ക് താമസം മാറുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ വന്‍ വര്‍ധന. സ്വന്തമായി യാത്രാസൗകര്യം ഉള്ളവരാണ് കുറച്ച് ദൂരെയാണെങ്കിലും മാറുന്നത്.
കുടുംബങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന മുസഫ മേഖലയില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് കരാര്‍ പുതുക്കുമ്പോള്‍ വാടക കുറച്ചുനല്‍കാന്‍ ഫ്ലാറ്റ് ഉടമകള്‍ തയാറാവാത്തതാണ് ഇതിന് കാരണമെന്ന് പറയുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കുടുംബങ്ങളുടെ വരവ് കൂടിയത് ഫ്ലാറ്റ് ആവശ്യക്കാരുടെ എണ്ണത്തിൽ വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്.
നേരത്തെ അബൂദബി മേഖലയില്‍ വാടകയിനത്തില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവ് വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ആവശ്യക്കാർ കൂടിയതോടെ വാടകയും വര്‍ധിച്ചുവരുകയാണ്. ഇതാണ് അൽപം ദൂരത്താണെങ്കിലും താമസം മാറാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. മുസഫാപോലുള്ള ജനവാസകേന്ദ്രങ്ങളില്‍ ഫ്ലാറ്റുകള്‍ ഒരുമിച്ച് എടുത്ത് റൂമുകള്‍ വിഭജിച്ചുനല്‍കുന്നുമുണ്ട്.
വിസിറ്റിങ്ങിനും മറ്റും കുടുംബങ്ങളെ കൊണ്ടുവരുന്നവര്‍ വാടക കൂടിയാലും ജോലിക്ക് പോയി വരാനുള്ള സൗകര്യം കണക്കിലെടുത്ത് ഇത്തരം റൂമുകളെയാണ് അധികവും ആശ്രയിക്കുന്നത്. സ്വന്തമായി വാഹനങ്ങളോ യാത്രാസൗകര്യമോ ഇല്ലാത്ത ഇടത്തരക്കാരെ ടാര്‍ജറ്റ് ചെയ്താണ് ഫ്ലാറ്റ് ഉടമകള്‍ വാടക കൂട്ടിയിരിക്കുന്നത്.
അബൂദബിയില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഖലീഫ സിറ്റി, ഷഹാമ, ബനിയാസ്, അല്‍ വത്ത്ബ, ഷംഖ തുടങ്ങിയ മേഖലകളിലെ ഫ്ലാറ്റുകളിലേക്കാണ് നിരവധി കുടുംബങ്ങള്‍ മാറുന്നത്. ഇവരില്‍ പലരും മുസഫയിലെ ഫ്ലാറ്റുകളില്‍ താമസിച്ചുവന്നവരുമാണ്. ഫ്ലാറ്റുകള്‍ വിട്ട് വില്ലകളിലേക്ക് മാറുമ്പോള്‍ വര്‍ഷത്തില്‍ 10000 ദിര്‍ഹം വരെ ലാഭിക്കാന്‍ കഴിയുമെന്ന് ഇവർ പറയുന്നു.
വാഹനസൗകര്യമുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമ്പോള്‍ ഫ്ലാറ്റുകളില്‍ കഴിയുന്നവര്‍ റൂമുകള്‍ വിഭജിച്ച് രണ്ടും മൂന്നും ഫാമിലികളായി വാടകച്ചെലവില്‍ ആശ്വാസം കണ്ടെത്തുന്നവരുമുണ്ട്. സ്റ്റുഡിയോ ഫ്ലാറ്റ്, സിംഗിള്‍ ബെഡ് റൂം, ഡബിള്‍ ബെഡ്‌റൂം എന്നിങ്ങനെയാണ് ഫ്ലാറ്റുകളില്‍ റൂമുകള്‍ ക്രമീകരിച്ചിരിക്കുന്നത്. യഥാക്രമം 35,000, 42,000, 55,000 ദിര്‍ഹമാണ് വാര്‍ഷിക വാടകയായി കൊടുക്കേണ്ടിവരുന്നത്.
വൈദ്യുതി, ജലം, ഡെപ്പോസിറ്റ്, നികുതി തുടങ്ങിയ ഇനങ്ങളിലായി അധിക തുക വേറെയും ചെലവഴിക്കേണ്ടി വരും. വില്ലകളിലേക്ക് താമസം മാറുമ്പോള്‍ വാടകയിലും അധികച്ചെലവുകളിലും കുറവുണ്ടാവും എന്നു മാത്രമല്ല, താമസിക്കാനുള്ള സൗകര്യങ്ങളിലും മാറ്റങ്ങളുണ്ടാവുകയും ചെയ്യും. വലുപ്പുമുള്ള മുറികളും കുട്ടികള്‍ക്ക് കളിസ്ഥലങ്ങളും വാഹന പാര്‍ക്കിങ്ങുമെല്ലാം വില്ലകളിലേക്ക് മാറുമ്പോള്‍ ലഭിക്കാവുന്ന സൗകര്യങ്ങളാണ്.
എന്നിരുന്നാലും ജോലിസ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യമാണ് പലര്‍ക്കും ഫ്ലാറ്റുകളില്‍തന്നെ ഒതുങ്ങിക്കൂടേണ്ടിവരുന്നതിൻ്റെ പ്രധാന കാരണം. കോവിഡ് യാത്രാമാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്നതിനാല്‍തന്നെ മുസഫയിലെ ജനവാസകേന്ദ്രങ്ങളായ ഷാബിയ ഭാഗങ്ങളില്‍ വാടകനിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യതയെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.