ഒക്ടോബർ 3ന് ലഖിംപൂർ ഖോരിയിൽ പ്രതിഷേധിച്ച കർഷകർക്ക് നേരെ പാഞ്ഞുവന്ന മൂന്ന് വാഹനങ്ങളും ജനങ്ങൾക്കിടയിലേക്ക് ഓടിച്ചു കയറ്റുന്ന തരത്തിലായിരുന്നു എന്ന് തെളിയിക്കുന്ന പുതിയൊരു വീഡിയോ പുറത്തുവന്നിരുന്നു. കേന്ദ്ര മന്ത്രി അജയകുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് ഈ വാഹനങ്ങളിൽ ഒന്നിൽ ഉണ്ടായിരുന്നു എന്നാണ് ആരോപണം.
വാഹനങ്ങളിൽ ഒന്ന് മഹീന്ദ്ര ദാർ ആയിരുന്നു. ഇതിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇളംമഞ്ഞ ഷർട്ട് ധരിച്ച് ഒരാളെയാണ് വീഡിയോദൃശ്യങ്ങളിൽ കാണുവാൻ കഴിയുന്നത്. കർഷകരുടെ മുകളിലേക്ക് ഓടിച്ചുകയറ്റിയതും ഇതേ വാഹനം ആയിരുന്നു.
സംഭവം കഴിഞ്ഞ് പിന്നീട് താർ വാഹനം തന്റെതാണെന്നും, തന്റെ കുടുംബത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും അജയകുമാർ മിശ്ര പിന്നീട് സ്വീകരിച്ചിരുന്നു.
അന്നേദിവസം ഉച്ചയ്ക്ക് 2 15ന് ആശിഷ് മിശ്ര അജയ് മിശ്രയുടെ ഗ്രാമമായ ബൻവീർപൂരിൽ നടന്ന ഗുസ്തി മത്സരത്തിൽ പ്രസംഗിച്ചതായും, പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദൃക്സാക്ഷികൾ ന്യൂസ് ലോണ്ടറിയെ കാണിക്കുകയും ചെയ്തു. ലഖിംപൂർ ഗോരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ബൻവീർപൂർ.
വീഡിയോയിൽ മിശ്രയുടെ സമീപത്തായി ഇളം മഞ്ഞ നിറത്തിലുള്ള ഷർട്ട് ധരിച്ച ഒരു വ്യക്തിയെ കാണാം.അതാണ് ഹരി ഓം. ഇദ്ദേഹം കഴിഞ്ഞ ആറുവർഷമായി മന്ത്രിയുടെ ഡ്രൈവറായിരുന്നു. അതുകൊണ്ട് ദൃശ്യങ്ങളിൽ കാണുന്നത് ഇദ്ദേഹത്തെ ആണെന്ന് മന്ത്രിയും കുടുംബാംഗങ്ങളും സ്ഥിരീകരിച്ചു.എന്നാൽ ദൃശ്യങ്ങൾ വളരെ അവ്യക്തമായതുകൊണ്ടുതന്നെ വീഡിയോയിൽ ഉള്ളത് ഹരി ഓം തന്നെ ആണോ എന്നത് വ്യക്തമല്ല.
ലഖിംപൂർ ഖോരിയിൽ നടന്ന ആക്രമണത്തിൽ ഹരി ഓമും മരിച്ചു എന്നാണ് സ്ഥിതീകരണം. ഇദ്ദേഹത്തെ കൂടാതെ ഏഴ് പേരാണ് ആ സംഭവത്തിൽ മരിച്ചത്. നാല് കർഷകരും, രണ്ട് ബിജെപി പ്രവർത്തകരും, ഒരു പത്ര പ്രവർത്തകനുമാണ് മരിച്ചത്.
സംഭവം നടന്നതിന്റെ പിറ്റേദിവസം മന്ത്രി ഹരി ഓംന്റെ സഹോദരനായ രജനികാന്ത് മിശ്രയെ ഫോണിൽ വിളിച്ചിരുന്നു എന്നും, സഹോദരിയുടെ വിവാഹാവശ്യത്തിനായി ഒരുലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയതായും രജനികാന്ത് മിശ്ര പറഞ്ഞു. പർസേറ ഗ്രാമത്തിലാണ് ഹരി ഓംന്റെ വീട്. തന്റെ മകൻ ജീവിച്ചിരിപ്പില്ല എന്ന വിവരം അദ്ദേഹത്തിന്റെ അച്ഛന് ഇപ്പോഴും അറിയില്ല.
പർസേറയിലെ ഒരു ദാരിദ്ര്യ കുടുംബമാണ് ഹരി ഓമിന്റേത്.അദ്ദേഹത്തിന്റെ മാതാപിതാക്കളും മൂന്നു സഹോദരിമാരും അവരുടെ കുട്ടികളും സഹോദരനും ഉൾപ്പെടെ പത്ത് പേരാണ് ഈ വീട്ടിൽ താമസിക്കുന്നത്. സെപ്റ്റംബർ 30 നാണ് അദ്ദേഹം വീടുവിട്ട് പോകുന്നത്. ഹരി ഓം താമസിച്ചിരുന്നത് വീട്ടിൽ നിന്നും 93 കിലോമീറ്റർ അകലെയുള്ള ബൻവീർപൂരിലെ അജയകുമാർ മിശ്രയുടെ വീട്ടിലാണ്. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് സ്വന്തം വീട്ടിൽ ഇദ്ദേഹം വന്നിരുന്നത്. ഒക്ടോബർ മൂന്നിന് രാവിലെ 10 മണിയോടെ ഹരി ഓം തന്റെ അമ്മയെ വിളിച്ചിരുന്നുവെന്നും പിതാവിനുള്ള മരുന്നുമായി തിരികെ വരുമെന്നും പറഞ്ഞതായി ഇവർ പറയുന്നു. എന്നാൽ അന്നാണു ആശിഷ് മിശ്രയുടെ കൂടെ ഗുസ്തി മത്സര സ്ഥലത്ത് പോയത്. ഈ വിവരം ദൃക്സാക്ഷികളിൽ നിന്നും ലഭിച്ച വീഡിയോയിൽ സ്ഥിരീകരിച്ചു.
അന്ന് വൈകുന്നേരം ആറുമണിയോടെ ഹരി ഓമിനെ വീട്ടുകാർ വിളിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു എന്നാണ് പറയുന്നത്. ഒമ്പതു മണിക്കൂറോളം കുടുംബം ഹരി ഓമിനെ കണ്ടെത്താൻ ശ്രമിച്ചിരിന്നു എന്നും, എന്നാൽ പിന്നീടാണ് അദ്ദേഹത്തിന്റെ അമ്മാവൻ ആക്രമണം നടന്നെന്ന വാർത്ത ടിവിയിൽ കണ്ടെന്നും സംഭവത്തിൽ ആശിഷ് മിശ്രയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞതായി, ഹരിഓമിന്റെ സഹോദരി മഹേശ്വരി മിശ്ര പറഞ്ഞു.
അതിനുശേഷമാണ് കൂടുതൽ വാർത്തകൾ അറിയാനും മറ്റുള്ളവരുടെ സഹായത്തിനും ശ്രമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഒക്ടോബർ നാലിന് പുലർച്ചെ ഒരു മണിക്കാണ് രജനികാന്ത് മിശ്രയും ഹരി ഓമിന്റെ അമ്മാവനും ലഖിപൂർ ഖോരിയിലെ ജില്ലാ ആശുപത്രിയിൽ പോയി ഹരി ഓമിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. അന്ന് രാവിലെ ഹരി ഓം മരിച്ചെന്ന് വിവരം വീട്ടിൽ അറിയിക്കുകയും 11 മണിയോടെ മൃതദേഹം വീട്ടിൽ എത്തിക്കുകയും ചെയ്തു.
ഹരി ഓം അദ്ദേഹത്തിന്റെ കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് ആശിഷ് മിശ്രയോടൊപ്പം ആണ്. അഞ്ചുവർഷത്തോളം അജയകുമാർ മിശ്രയുടെ പേഴ്സണൽ ഡ്രൈവറായി അദ്ദേഹം ജോലി ചെയ്തിരുന്നു. കഴിഞ്ഞവർഷം മന്ത്രി മറ്റൊരു ഡ്രൈവറെ നിയമിച്ചപ്പോൾ, മിശ്രയുടെ കുടുംബത്തിന്റെ ഡ്രൈവറായി ഹരി ഓം.
പ്രാദേശിക ബിജെപി പ്രവർത്തകനായിരുന്നു ഹരി ഓമിന്റെ അമ്മാവൻ. അദ്ദേഹം വഴിയാണ് അജയകുമാർ മിശ്രയെ പരിചയപ്പെടുന്നതും ഡ്രൈവറായി ജോലിയിൽ കയറുന്നതും.പ്രതിമാസം 10,000 മുതൽ 12,000 രൂപ വരെയാണ് ഹരി ഓമിനു മന്ത്രി നൽകിയത്.
ഹരി ഓമിന്റെ പിതാവ് ഒരു കിടപ്പ് രോഗിയാണ്. അതുകൊണ്ടുതന്നെ മുഴുവൻ സമയ പരിചരണവും അദ്ദേഹത്തിന് ആവശ്യമായിരുന്നു. ഹരി ഓം ജോലിക്ക് പോകുകയും താൻ പിതാവിനെ പരിചരിക്കാൻ വീട്ടിൽ തുടർന്നു വെന്നും,സഹോദരൻ ശ്രീരാം പറഞ്ഞു. ഹരി ഓമിന്റെ മൂന്ന് സഹോദരിമാരിൽ രണ്ട് സഹോദരികൾ വിവാഹിതരാണ്. ഇളയ സഹോദരി മഹേശ്വരി ബിരുദാനന്തര ബിരുദധാരിയാണ്.തന്റെ സഹോദരൻ നേരത്തെ തന്നെ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു എന്നും കഷ്ടിച്ച് എഴുതാനും വായിക്കാനും മാത്രമേ അറിയൂ എന്നും മഹേശ്വരി പറഞ്ഞു. വളരെ നേരത്തെ തന്നെ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നതിനാൽ സഹോദരങ്ങളിൽ ആരെങ്കിലുമൊരാൾ നന്നായി പഠിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നും മഹേശ്വരി കൂട്ടിച്ചേർത്തു.
ഹരി ഓമിനു പ്രതിഷേധക്കാരെ ഉപദ്രവിക്കേണ്ട ഒരു കാര്യവുമില്ല എന്നാണ് കുടുംബക്കാർ വിശ്വസിക്കുന്നത്. എന്റെ മകൻ വളരെ സൗമ്യനായ ആളായിരുന്നു, യാതൊരുവിധ ചീത്ത ശീലങ്ങളും അവൻ ഇല്ലായിരുന്നു. വളരെ അധ്വാനിച്ചാണ് അവൻ കുടുംബം നോക്കിയിരുന്നത്. അതുകൊണ്ടുതന്നെ വീഡിയോയിൽ കാണുന്നതെന്നും അവനു ചെയ്യാൻ കഴിയില്ല എന്നും അദ്ദേഹത്തിന്റെ അമ്മയും പറയുന്നു.ഹരി ഓം ആറുവർഷമായി അവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ആറു വർഷത്തിൽ ഒരിക്കൽ പോലും മന്ത്രി വീട്ടിൽ വന്നിട്ടില്ല. സഹോദരിയുടെ വിവാഹത്തിന് ക്ഷണിച്ചിട്ട് പോലും അദ്ദേഹം വന്നിട്ടില്ല. മന്ത്രി ഒരിക്കൽപോലും സംഭവത്തെപ്പറ്റി ഹരി ഓമിന്റെ കുടുംബവുമായി സംസാരിച്ചിട്ടില്ല. ഒക്ടോബർ അഞ്ചിന് വീട്ടിലേക്ക് വരുമെന്ന് വിളിച്ചു പറഞ്ഞിരുന്നു എങ്കിലും വന്നിട്ടില്ല. പകരം നാലാം തീയതി രജനികാന്തിനെ വിളിച്ച് സഹോദരിയുടെ വിവാഹത്തിന് ഒരുലക്ഷം രൂപ ധനസഹായം നൽകാമെന്ന് മാത്രമാണ് പറഞ്ഞത്. അച്ഛന്റെ മരുന്നിനും ചികിത്സയ്ക്കുവേണ്ടി ഞങ്ങൾ അദ്ദേഹത്തോട് സഹായം ആവശ്യപ്പെട്ടോ? എന്നിട്ടും എന്തിനാണ് എല്ലാവരും വെറുമൊരു ഡ്രൈവറുടെ ജീവിതം ശ്രദ്ധിക്കുന്നത് എന്നും രജനികാന്ത് ചോദിച്ചു.
തന്റെ മകനെ ബിജെപി പ്രവർത്തകൻ എന്ന് വിളിക്കരുതെന്ന് ഹരി ഓമിന്റെ അമ്മ ആവർത്തിച്ച് ആവശ്യപ്പെട്ടു. കുടുംബം ബിജെപിയുടെ കടുത്ത പിന്തുണക്കാർ ആണെങ്കിലും,ഹരി ഓം ഒരു ജോലി ആവശ്യത്തിന് മാത്രമാണ് മന്ത്രിയുടെ ഡ്രൈവറായി നിന്നത്. അതേസമയം, കർഷകരുടെ പ്രതിഷേധത്തിൽ കുടുംബം കടുത്ത രോഷത്തിൽ ആണ്. ഇത് കർഷകരുടെ പ്രതിഷേധം അല്ല. ഞങ്ങളും കർഷകരാണ്. ഞങ്ങൾ പ്രതിഷേധിക്കുന്നില്ലേ?. ഇത് സിഖുകാരും ഹിന്ദുക്കളും തമ്മിലുള്ള പോരാട്ടമാണ് ഞാൻ അവരെ കർഷകർ എന്ന് വിളിക്കില്ല എന്നും. രജനീകാന്ത് പറഞ്ഞു.