അബുദാബി: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നാലു റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റെടുത്ത ബാംഗ്ലൂരിനെ ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തില്‍ 137 എന്ന സ്‌കോറിലൊതുക്കി.
41 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. ഗ്ലെൻ മാക്സ്‌വൽ 40 റൺസെടുത്തു. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടപ്പോള്‍ എട്ടു റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്. എ ബി ഡിവില്ലിയേഴ്‌സ് ക്രീസിലുണ്ടായിട്ടും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന് മൂന്നാം ജയം നേടിക്കൊടുക്കുകയായിരുന്നു. ഡിവില്ലിയേഴ്‌സ് 13 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.
ഹൈദരാബാദിനു വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. 38 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 44 റണ്‍സെടുത്ത ജേസണ്‍ റോയിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 31 റൺസെടുത്തു.
ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഡാനിയൽ ക്രിസ്റ്റ്യൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.