ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals)- മുംബൈ ഇന്ത്യന്‍സ്(Mumbai Indians) നിര്‍ണായക പോരാട്ടം. രാജസ്ഥാനെ മലയാളി താരം സഞ്ജു സാംസണും(Sanju Samson), മുംബൈയെ രോഹിത് ശര്‍മ്മയുമാണ്(Rohit Sharma) നയിക്കുന്നത്. സഞ്ജുവിനും കൂട്ടര്‍ക്കും ഇന്ന് ജീവന്‍ മരണ പോരാട്ടമാണ്. പ്ലേഓഫ് സാധ്യത നിലനിര്‍ത്തണം എങ്കില്‍ മുംബൈക്കെതിരെ രാജസ്ഥാന് ഇന്ന് ജയിക്കണം.
ഇന്ന് തോല്‍ക്കുന്ന ടീമിന് മുന്‍പില്‍ പ്ലേഓഫ് സാധ്യതകള്‍ അടയും. 12 കളിയില്‍ നിന്ന് 10 പോയിന്റ് വീതമാണ് രാജസ്ഥാനും മുംബൈക്കുമുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ നേരിയ വ്യത്യാസത്തില്‍ മുംബൈക്ക് മുകളില്‍ രാജസ്ഥാന്‍ നില്‍ക്കുന്നു. ഇന്ന് ജയിക്കുന്ന ടീമിന് 12 പോയിന്റാവും.
12 പോയിന്റുമായി കൊല്‍ക്കത്തയാണ് നാലാം സ്ഥാനത്ത് തുടരുന്നത്. എന്നാല്‍ എന്നാല്‍ പഞ്ചാബിനേക്കാളും മുംബൈയേക്കാളും നെറ്റ്‌റണ്‍റേറ്റ് കൂടുതലുള്ളത് കൊല്‍ക്കത്തയെ തുണയ്ക്കും. അതിനാല്‍ ഇന്ന് ജയിക്കുന്ന ടീം അഞ്ചാം സ്ഥാനത്ത് തന്നെ തുടരാനാണ് സാധ്യത.
ഇന്ന് മുംബൈയെ തോല്‍പ്പിച്ച് അടുത്ത കളിയില്‍ കൊല്‍ക്കത്തയേയും വീഴ്ത്തിയാലാണ് രാജസ്ഥാന്റെ പ്ലേഓഫ് സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാവുക. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ തകര്‍പ്പന്‍ ജയവുമായി എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍. ഓപ്പണര്‍മാരുടെ ഫോമും സഞ്ജുവിലുള്ള വിശ്വാസവും ശിവം ദുബെ, ഫിലിപ്പ്‌സ് എന്നിവരുടെ പ്രഹരശേഷിയും രാജസ്ഥാന്റെ പ്രതീക്ഷകള്‍ കൂട്ടുന്നു.
രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള കളിക്കാരുടെ ഫോമില്ലായ്മയാണ് മുംബൈയെ കുഴയ്ക്കുന്നത്. കഴിഞ്ഞ കളിയില്‍ ഡല്‍ഹിയോട് തോറ്റാണ് മുംബൈ വരുന്നത്. ഡല്‍ഹിക്കെതിരെ 129 റണ്‍സ് മാത്രമായിരുന്നു മുംബൈക്ക് കണ്ടെത്താനായത്.
ഇന്നലെ നടന്ന മത്സരത്തില്‍ സീസണിലെ പത്താം ജയത്തോടെ ഡൽഹി ക്യാപിറ്റല്‍സ് ആദ്യ ക്വാളിഫയറിൽ സ്ഥാനം ഉറപ്പാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് വിക്കറ്റിന് തോൽപിച്ചാണ് ഡൽഹിയുടെ കുതിപ്പ്. ചെന്നൈയുടെ 136 റൺസ് രണ്ടുപന്ത് ശേഷിക്കേ ഡൽഹി മറികടക്കുകയായിരുന്നു.