ലക്നോ: ലഖിംപുർ ഖേരിലെ അതിക്രമ സംഭവങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കർഷകരെ കൂട്ടക്കുരുതി ചെയ്ത മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാത്തത് ദൗർഭാഗ്യകരമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.നിങ്ങൾക്ക് ഞങ്ങളെ അറസ്റ്റ് ചെയ്യാൻ കഴിയുമെങ്കിൽ, കൊലപാതക കുറ്റം ചുമത്തിയ മന്ത്രിയുടെ മകനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യാനാകുന്നില്ലെന്ന് പ്രിയങ്ക ചോദിക്കുന്നു.
ലഖിംപുർ സന്ദർശിക്കാൻ മോദിക്ക് സാധിക്കുമോയെന്നും പ്രിയങ്ക ചോദിച്ചു. കർഷകരുടെ ബന്ധുക്കളെ കാണാതെ പ്രദേശത്ത് നിന്ന് മടങ്ങില്ല. കഴിഞ്ഞ 28 മണിക്കൂറായി തന്നെ അനധികൃതമായി തടങ്കലിലാക്കിയിരിക്കുകയാണെന്നും പ്രിയങ്ക ആരോപിക്കുന്നു.
അതേസമയം, പ്രിയങ്ക ഗാന്ധി കസ്റ്റഡിയിലുള്ള സീതാപൂരിലെ പൊലീസ് കേന്ദ്രത്തിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ലക്നോവിൽ പ്രധാനമന്ത്രി തുടരുന്ന സാഹചര്യത്തിലാണ് പ്രിയങ്കയെ വിട്ടയക്കാത്തതെന്ന് പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ, പൊലീസ് സംരക്ഷണത്തിൽ പ്രിയങ്കയെ ലഖിംപൂർ ഖേരിയിൽ എത്തിക്കുമെന്നും വിവരമുണ്ട്.