മുംബൈ: ആഡംബര കപ്പലില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ശ്രേയസ് നായര്‍ അറസ്റ്റില്‍. ഗുര്‍ഗാവില്‍നിന്ന് ശ്രേയസ് നായരെ ഇന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റു ചെയ്തു.
ഉന്നത ബന്ധങ്ങളുള്ള മയക്കുമരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്നാണ് വിവരം. ആഡംബര കപ്പലില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത 25-ഓളം പേര്‍ക്ക് ഇയാളാണ് മയക്കുമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് എന്‍സിബി പറയുന്നത്. എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കു മരുന്നുകള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാര്‍ക്‌നെറ്റ് വഴി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ഇയാള്‍ ആവശ്യക്കാരില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയിലൂടെയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര്യന്റെയും അര്‍ബാസിന്റെയും വാട്ആപ്പ് ചാറ്റുകളില്‍നിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍സിബിക്ക് ലഭിച്ചത്. ആര്യനും അര്‍ബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം.
അതേസമയം, ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍സിബി അറിയിച്ചു. ആര്യന്റെ സുഹൃത്ത് അര്‍ബാസ് ഖാന്റെ പക്കല്‍ നിന്ന് 6 ഗ്രാം ചരസ് കണ്ടെത്തി. മറ്റൊരു പ്രതി മുന്‍മന്‍ ധമേച്ചയയുടെ പക്കല്‍ നിന്ന് ഗ്രാം ചരസും കണ്ടെടുത്തു. മറ്റ് അഞ്ചു പ്രതികളില്‍ നിന്നായി കൊക്കെയ്നും എം.ഡി.എം.എയും പിടിച്ചെടുത്തു. മറ്റ് പ്രതികളുമായി ആര്യനും അര്‍ബാസിനും ബന്ധമില്ലെന്ന് ഇരുവരുടെയും അഭിഭാഷകര്‍ വാദിച്ചു.