ന്യൂഡല്‍ഹി: പാന്‍ഡോര പേപ്പര്‍ (pandora papers) കള്ളപ്പണ വെളിപ്പെടുത്തലുകളില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. റിസര്‍വ് ബാങ്ക്, ഇഡി, ഫിനാന്‍ഷ്യല്‍ ഇന്‍റലിജന്‍സ് യൂണിറ്റ് പ്രതിനിധികളും അന്വേഷണ സംഘത്തില്‍ ഉണ്ടാകും
നികുതിയിളവുള്ള രാജ്യങ്ങളില്‍ ലോകത്തെ ഉന്നതനേതാക്കളും പ്രമുഖ വ്യക്തികളും നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത്. പാന്‍ഡോറ പേപ്പേഴ്സ് എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ അംബാനി എന്നിവരുടെ പേരുകളുമുണ്ട്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ നിക്ഷേപം നടത്തിയെന്ന് പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തുന്നു. അനില്‍ അംബാനി 18 കമ്ബനികളില്‍ കള്ളപ്പണം നിക്ഷേപിച്ചെന്നും പാന്‍ഡോര പേപ്പറിലുണ്ട്. നീരവ് മോദി ഇന്ത്യ വിടുന്നതിന് മുന്‍പ് ഒരു മാസം മുന്‍പ് സഹോദരി പൂര്‍വി മോദി ഒരു ട്രസ്റ്റ് രൂപികരിച്ച് കള്ളപ്പണം നിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, സിനിമാ താരം ജാക്കി ഷ്റോഫ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി അടുപ്പമുള്ളവര്‍, റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, ജോര്‍ദാന്‍ രാജാവ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തുടങ്ങിയവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാന്‍ഡോര പേപ്പറില്‍ വെളിപ്പെടുത്തലുണ്ട്.
നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്ബനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളാണ് പാന്‍ഡോറ പേപ്പേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസവും വിവിധ മാധ്യമങ്ങളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ 12 ദശലക്ഷം രേഖകളാണുള്ളത്. ഭൂരിഭാഗവും രാഷ്ട്രത്തലവന്മാരുടേയും പ്രമുഖ വ്യക്തികളുടെയുമാണ്.