ഷാര്‍ജ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ (Punjab Kings) ആറുറണ്‍സിന് കീഴടക്കി പ്ലേ ഓഫില്‍ പ്രവേശിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍( Royal Challengers Bangalore). ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
42 പന്തിൽ 57 റൺസ് നേടിയ മായങ്ക് അഗർവാളും 39 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലും മാത്രമാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്.
ബാംഗ്ലൂരിന് വേണ്ടി ചാഹല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോര്‍ജ് ഗാര്‍ട്ടണ്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർസിബി മികച്ച തുടക്കത്തിന് ശേഷം ഗ്ലെൻ മാക്‌സ്‌വെല്ലിൻറെ വെടിക്കെട്ടിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 164 റൺസ് നേടി. 40 റണ്‍സെടുത്ത ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും ബാംഗ്ലൂരിനായി തിളങ്ങി. ഈ സീസണില്‍ ഒരു ഐ.പി.എല്‍ ടീം ഷാര്‍ജയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
പഞ്ചാബിനായി മോയ്‌സസ് ഹെന്റിക്കസ് നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി.