മുംബൈ: താരപുത്രൻ ഉൾപ്പെടെ എട്ട് പേരെ ആഡംബര കപ്പലിൽ നിന്നും ലഹരിപാർട്ടി നടത്തുന്നതിനിടെ പിടികൂടിയ വാർത്ത കേട്ടാണ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം ഇന്ന് ഉണർന്നത്. ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാന്റെ (Sharukh ഖാൻ) മകൻ ആര്യൻ ഖാൻ (Aryan Khan), ബോളിവുഡ് നടൻ അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ് തുടങ്ങിയ സംഘമാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (Narcotics Control Bureau) യുടെ പിടിയിലായത്. എൻസിബിയുടെ മിന്നൽ റെയ്ഡ് താര പുത്രനെ ഉൾപ്പെടെ കെണിയിലാക്കിയപ്പോൾ മറുവശത്ത് മറ്റൊരു പേര് ഒരിക്കൽ കൂടി ചർച്ചയാകയാണ്. മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കെഡെയുടെ (Sameer Wankhede) പേരാണ് ഒരിക്കൽ ചർച്ചയാവുന്നത്.
ആരെയും കൂസാത്ത എൻസിബി ഉദ്യോഗസ്ഥൻ എന്ന നിലയിൽ നേരത്തെ മുതൽ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് സമീര്‍ വാങ്കെഡെ. ജോലിയിലെ കണിശത കൊണ്ടും പ്രബലർക്ക് മുൻപിൽ പോലും മുട്ടുമടക്കാത്ത വ്യക്തിത്വം കൊണ്ടും വാർത്തകളിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് സമീര്‍ വാങ്കെഡെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച കേസില്‍ ഒട്ടേറെ പ്രമുഖരെയാണ് എന്‍സിബി സംഘം ചോദ്യംചെയ്തത്.
എന്‍സിബിയില്‍ ചുമതലയേറ്റെടുത്ത ശേഷം ഏകദേശം 17000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തില്‍ ഇതുവരെ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരെയും പിടികൂടാനും അവരുടെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ റെയ്ഡ് നടത്താനും സമീര്‍ വാങ്കെഡെ കാണിച്ച ധൈര്യം ഏറെ പ്രശംസനീയമാണ്.
2008 ബാച്ചിലെ ഐ ആര്‍ എസ് ഓഫീസറാണ് സമീര്‍ വാങ്കെഡെ. മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് ഓഫീസറായാണ് തുടക്കം. പിന്നീട് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണര്‍, എന്‍ഐ എ. അഡീഷണല്‍ എസ്പി, ഡി ആര്‍ ഐ ജോയിന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചു. ഇതിനുശേഷമാണ് എന്‍സിബിയില്‍ എത്തുന്നത്.
കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ക്ക് യാതൊരു ഇളവും നല്‍കാത്ത ഉദ്യോഗസ്ഥനായിരുന്നു സമീര്‍ വാങ്കെഡെ. വിദേശരാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുന്ന വസ്തുക്കള്‍ കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനല്‍കിയിരുന്നില്ല. 2013-ല്‍ മുംബൈ വിമാനത്താവളത്തില്‍വെച്ച് ഗായകന്‍ മിക സിങ്ങിനെ വിദേശകറന്‍സിയുമായി പിടികൂടിയത് സമീര്‍ വാങ്കെഡെയായിരുന്നു.
2011-ൽ ഇന്ത്യ നേടിയ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വര്‍ണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തില്‍നിന്ന് വിട്ടുനല്‍കിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്. മഹാരാഷ്ട്ര സര്‍വീസ് ടാക്‌സ് വിഭാഗത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ നികുതി അടയ്ക്കാത്തതിന് രണ്ടായിരത്തിലേറെ പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിലും പല പ്രമുഖരും ഉൾപ്പെടുത്തിരുന്നു. എന്നാൽ ആരുടേയും മുഖം നോക്കതെയുള്ള നടപടിയാണ് അദ്ദേഹം നടത്തിയത്.