കൊൽക്കത്ത: വെസ്റ്റ് ബംഗാളിന്റെ മുഖ്യമന്ത്രിയായി മമത ബാനർജി (Mamata Banerjee) തുടരും. ഭവാനിപൂർ (Bhavanipur Byelection) മണ്ഡലത്തിൽ മമത ബാനർജിക്ക് ഉജ്ജ്വല ജയം. 58,389 വോട്ടുകൾക്കാണ് മമത ബിജെപി സ്ഥാനാർത്ഥിയായ പ്രിയങ്ക ടിബ്രെവാളിനെ തോല്പിച്ചത്. ഭവാനിപ്പൂർ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്.
തൃണമൂൽ കോൺഗ്രസിനെയും മമതയെയും സംബന്ധിച്ച് മുഖ്യമന്ത്രി പദത്തിൽ തുടരാൻ ഈ വിജയം ഏറെ അത്യാവശ്യമായിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം 80 വാർഡുകളിൽ സംസ്ഥാന, ദേശീയ നേതാക്കളെ ചുമതല ഏല്പിച്ച് കൃത്യമായ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളാണ് നടത്തിയത്. എങ്കിലും ഇത്ര വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് ബിജെപിക്ക് തിരിച്ചടിയായി.
മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് മണ്ഡലമായ ഭവാനിപൂർ വിട്ട് നന്ദിഗ്രാമിൽ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടർന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂൽ കൃഷിമന്ത്രി ശോഭൻദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപൂരിൽ മത്സരിച്ചത്.
ബംഗാളിൾ തന്നെ ഉപതെരഞ്ഞെടുപ്പ് നടന്ന മുർഷിദാബാദ് ജില്ലയിലെ ജംഗിപൂർ, സംസേർഗഞ്ച് മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസിനാണ് വിജയം. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്നാണ് ഇവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്