ദിഗംബര സ്മരണകൾ 203;”മൂർക്കോത്ത് കുമാരൻ ഉത്തര കേരളത്തിലെ കിരീടം വയ്ക്കാത്ത രാജാവ്”;എം. രാജീവ് കുമാർ

  മൂർക്കോത്ത്  കുമാരനെ കുറിച്ച് പ്രമുഖ നിരൂപകൻ എം .രാജീവ് കുമാർ എഴുതുന്നു  

സന്തോഷ് ഏച്ചിക്കാനം “സിങ്കപ്പൂരി “ൽ കാക്കയെ പറത്തുന്നതിന് 120 വർഷം മുമ്പ് “കാകനെ ” തലശ്ശേരിയിൽ പറത്തിയ  കഥാകാരനാണ് മൂർക്കോത്തു കുമാരൻ. “കാകൻ ” എന്ന കാക്കക്കഥ “രസികരഞ്ജിനി ” യിൽ തുടരനായിഎഴുതിയ കാലത്ത് എവിടെ നോക്കിയാലും കാക്കയായിരുന്നു. അക്കാലത്ത് മറ്റൊരു കാക്കക്കഥയുമുണ്ടായി. മലബാർ കെ സുകുമാരന്റെ
“ബലിക്കാക്ക” കുമാരന്റേയും സുകുമാരന്റേയും കാക്കകൾ ഒന്നിച്ച് വായിച്ചു നോക്കുന്നത് രസാവഹമായിരിക്കും. ഗവേഷകർക്ക്  “മലയാളത്തിലെ കാക്കകളെ “പ്പറ്റിയും ഇനി ഗവേഷണമാകാം.

എന്തായാലും മൂർക്കോത്ത് കുമാരൻ ആളൊരു രസികനായിരുന്നു.
“ഒരു മഹാസത്യം അഥവാ കൂനിയുടെ കുസൃതി ” എന്ന പേരിൽ രാമായണത്തെ നാടകമാക്കി കളിച്ചയാളല്ലേ! സ്വതസിദ്ധമായ നർമ്മമാണ്. അല്ലാതെ വിഡ്‌ഢിച്ചിരിയല്ല.
“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്ന ശ്രീനാരായണ ഗുരുവിന്റെ മലബാറിലെ സന്ദേശ പ്രചാരകനായ അംബാസിഡർക്ക്  തമാശിച്ചു നടക്കാൻ പറ്റുമോ! പോരെങ്കിൽ18 കൊല്ലം തലശ്ശേരി മുൻസിപ്പൽ കമ്മീഷണറായിരുന്നു. ഉത്തര കേരളത്തിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു മൂർക്കോത്ത് കുമാരൻ എന്ന് പറഞ്ഞാൽ വിശ്വാസം വരുന്നില്ല അല്ലേ?
എങ്കിൽ അക്കാര്യം ഒടുവിൽ പറയാം.

തലശ്ശേരി റയിൽവേ സ്റ്റേഷന് ഒന്നര മൈൽ പടിഞ്ഞാറ് മാറിയാണ് മൂർക്കോത്ത് ഭവനം. അവിടെ മൂർക്കോത്ത് രാമുണ്ണിയുടെ മകനായി 1874 ജൂൺ 9 നാണ്  കുമാരന്റെ ജനനം. 
അച്ഛൻ രാമുണ്ണി അബ്കാരിയായിരുന്നു.

ചിറക്കൽ, വടക്കൻ കോട്ടയം, കറുമ്പ്രനാട്,കോഴിക്കോട് താലൂക്കുകളിലെ കള്ള് കച്ചവടത്തിന്റെ കുത്തക ഏറ്റിരുന്ന സംഘത്തിന്റെ നായകനായിരുന്നു രാമുണ്ണി . കള്ളുണ്ടാക്കാനും വിൽക്കാനുമുള്ള അധികാരം അന്ന് റവന്യൂ വകുപ്പിനാണ്.
അഛനൊരു തീയ്യ പ്രമാണിയായിരുന്നു.

എട്ടാമത്തെ വയസ്സിൽ അച്ഛൻ മരിച്ചു. തലശ്ശേരി ബാസ്സൽ മിഷൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണൻ കോളേജിൽ നിന്ന് FA പാസ്സായി. 1893 ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ  ചരിത്രം ഐഛിക വിഷയമെടുത്തെങ്കിലും തോറ്റുപോയി. വിട്ടു കൊടുത്തില്ല. സെയ്ദാപ്പേട്ട് കോളേജിൽഅദ്ധ്യാപക ട്രയിനിങ്ങ് കഴിഞ്ഞ് മലബാറിലേക്ക് നെഞ്ച് വിരിച്ച് തലയുയർത്തിയാണ് മടങ്ങിയത്.. 

പ്രോവിഡന്റ് കോൺവെന്റിൽ അധ്യാപകനായി. അങ്ങനെ കുമാരൻ മാസ്റ്ററായി.  “തദനന്തരം മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലെ മലയാളം പണ്ഡിതനായും ഒടുവിൽ  തലശ്ശേരി സെന്റ് ജോസഫ് സെക്കണ്ടറി സ്കൂളിൽ ഒന്നാം അസിസ്റ്റന്റായും 
പണി തുടങ്ങി “. 

 ഉള്ളൂരിന്റെ പ്രയോഗമാണിത്. “പണി “തുടങ്ങി എന്നത്.കേരള സാഹിത്യ ചരിത്രം അഞ്ചാം വാള്യത്തിൽ നിന്നടർത്തിയ വരികളാണിവ !. ഇക്കാലത്ത് അദ്ധ്യാപകർ “പണി” തുടങ്ങി എന്നു പറഞ്ഞാൽ അർഥം വേറെയാണ്. അത് പോലെ മൂർക്കോത്ത് കുമാരനെപ്പറ്റി പറയുമ്പോൾ മറ്റൊരു പ്രയോഗം കൂടി ഉളളൂർ നടത്തുന്നുണ്ട്: ” 1105 ൽ (ഏപ്രിൽ1930) അധ്യാപക വൃത്തിയിൽ നിന്നു വിരമിച്ചു. 45-ൽ പ്പരം കൊല്ലം പല പ്രവർത്തനങ്ങളിലും പ്രേക്ഷകന്മാരുടെ കണ്ണും കരളും കുളിർപ്പിക്കുമാറ് ചൊല്ലിയാടി. “
 

1934 ൽ അദ്ദഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തി കേരളമെങ്ങും ആഘോഷപൂർവ്വം ആഘോഷിക്കപ്പെട്ടു. ഒടുവിൽ 67-ാം വയസ്സിലായിരുന്നു മരണം. അർബ്ബുദം ബാധിച്ച് ഒരു കൊല്ലക്കാലം കിടപ്പിലായിരുന്നു. അക്കാലത്ത് ചില ലേഖനങ്ങൾ പറഞ്ഞു കൊടുത്താണ് എഴുതിക്കാറുണ്ടായിരുന്നത്. ഉള്ളൂർ എഴുതുന്നു: “ആടിയ കാലും പാടിയ വായും അതാതിന്റെ തൊഴിലിൽ നിന്ന് വിരമിക്കുവാൻ പ്രയാസമുണ്ട്. 1116 ാം മാണ്ട് (1941 ജൂൺ 25) യശശ്ശരീരനായി  ഉള്ളൂരിന്റേ ഈ ഉദ്ധരണി ഇവിടെച്ചേർക്കാൻ രണ്ട് കാര്യങ്ങളുണ്ട്.

 ഒന്ന് , ഉള്ളൂരിന്റെ ഭാഷാ പ്രയോഗം . രണ്ട്,  കേരള സാഹിത്യ ചരിത്രത്തിൽ മലയാള വർഷത്തോടെപ്പം ബ്രാക്കറ്റിൽ ഇംഗ്ലീഷ് വർഷവും ചേർത്തിട്ടുണ്ട്. അല്ലാതെ പല പരസ്യങ്ങളിലും കാണും വിധം ഇംഗ്ലീഷ് തീയതി ആരും ഇനി എഴുതിച്ചേർക്കുന്നതല്ല. 

1894 ൽ  വിദ്യാർഥിയായിരുന്നപ്പോൾ കുമാരൻ ഒരു കഥ എഴുതി കോഴിക്കോട്ടെ ഒരു പത്രത്തിന് അയച്ചു കൊടുത്തു. അവരത് മടക്കി അയച്ചു. അത് പ്രസിദ്ധപ്പെടുത്താതെ വന്നപ്പോൾ കോട്ടയത്ത് “മലയാള മനോരമ”ക്ക് ആ കഥ അയച്ചു കൊടുത്തു. കുറച്ചു കൂടിക്കഴിഞ്ഞപ്പോൾ രണ്ടെണ്ണം കൂടി അയച്ചു. അതും കാണാതിരുന്നപ്പോൾ അന്വേഷിച്ചു. ഒന്ന് ഭാഷാ പോഷിണിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. മറ്റൊന്ന് മനോരമയിലും പ്രസിദ്ധപ്പെടുത്തി. പ്രതിഫലവും അയച്ചു കൊടുത്തു.

കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയാണ് പത്രാധിപർ. ആരാ മോൻ! “കലഹനീ ദമനകം ” എഴുതി കേരള വർമ്മയുടെ ചങ്കിടിപ്പ് കൂട്ടിയ സാർവ്വഭൗമൻ പത്രാധിപരല്ലേ? മൂർക്കോത്ത് കുമാരൻ അദ്ദേഹത്തിനു മുന്നിൽ വീണു പോയി.കഥയെഴുത്തിൽ പ്രോത്സാഹനമേകിയ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള തന്നെയാണ് പത്രപ്രവർത്തനത്തിലും മൂർക്കോത്ത് കുമാരന്റെ മാർഗ്ഗദർശി .
മലയാള മനോരമയുടെആദ്യ കാല ലക്കങ്ങളിൽ തന്നെ മൂർക്കോത്ത് കുമാരന്റെ കഥകൾ വന്നു തുടങ്ങി. ഒടുവിൽ കുഞ്ഞു കൃഷ്ണമേനോനും സി.എസ്.ഗോപാലപ്പണിക്കരുമൊക്കെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അരികുപറ്റി കഥയെഴുതുമ്പോൾ മൂർക്കോത്ത് മലയാള പുളിനത്തിൽ മലർന്നങ്ങ് കിടന്ന് ആകാശം മുഴുവൻ ഭാവന നെയ്തു.

 

“അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേൽ ” എന്ന കഥ ഭാഷാപോഷിണിയിൽ 1072 കന്നി തുലാം – മാസത്തിൽ അച്ചടിച്ചു വരികയാണ്. കർത്താവിന്റെ സ്ഥാനത്ത് ആദ്യമൊക്കെ എം.കെ. എന്നായിരുന്നു വച്ചത്. രണ്ട് മാസം കഴിഞ്ഞ് “എന്റെ തീവണ്ടി യാത്ര “യും “ജന്തുശാസ്ത്ര “വും മനോരമയിൽ തന്നെ വന്നു. മണിയോർഡറും വന്നു.മൂർക്കോത്ത് കുമാരന്റെ ഗദ്യം ശ്രവണ മധുരമായ സംഗീതമാണ്. അതിന്റെ ആരോഹണാവരോഹണങ്ങൾ അദ്ദേഹത്തിനേ നിശ്ചയമുള്ളൂ.

ദ്വയാർഥ പ്രയോഗങ്ങൾ മാത്ര മല്ല . ദ്വയാർഥങ്ങൾക്കിടയിൽ പെട്ടു പോയി നട്ടംതിരിയുന്ന പ്രയോഗങ്ങൾ വരെയുണ്ടായിരുന്നു. ചിന്തിക്കാനും തിരി നീട്ടി വഴി മരുന്നിട്ടു. അയ്യപ്പപ്പണിക്കരോ വി.കെ.എൻ നോ  എഴുതിയതാണെന്ന് തോന്നും മൂർക്കോത്ത് കുമാരന്റെ ഈ വരികൾ:
“വ്യാഴാഴ്ച കണ്ണൂരിൽ പോകാൻ വെള്ളിയാഴ്ചയല്ലാത്ത ശനി കൊണ്ടു ഞായറാഴ്ചയായി പ്പോയി. “എന്തൊരു പ്രയോഗമാണപ്പാ. ഒരു നൂറ്റാണ്ട് മുമ്പത്തെ ഒരു മലയാള കഥയിൽ നിന്നൂരിയെടുത്തതാണ്.

ഫലിതം, പരിഹാസം, ശകാരം എല്ലാം മൂർക്കോത്തു കുമാരന്റെ ഗദ്യത്തിലുണ്ടാവും.
പ്രസാധകരെപ്പറ്റി അന്നേ അദ്ദേഹം പറഞ്ഞു വച്ചിട്ടുള്ളത് ഇപ്രകാരമാണ്:
“പ്രസാധകർ അധികം പേരും കച്ചവടത്തിൽ കണ്ണുകണ്ട സമർഥന്മാരാണ്. എനിക്ക് അധികാരമുണ്ടായിരുന്നുവെങ്കിൽ ഞാൻ അവരെ “ചോര കുടിയന്മാർ ” എന്നു വിളിക്കുമായിരുന്നു. കവികളുടേയും ഗ്രന്ഥകാരന്മാരുടേയും ചോര കുടിച്ചാണ് അവരിൽ പലരും ജീവിക്കുന്നതും തങ്ങൾക്കും തങ്ങളുടെ ശേഷം സന്താനങ്ങൾക്കും വേണ്ടി ധനം സമ്പാദിക്കുന്നതും “

രണ്ട് വരിയിൽ അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞു വച്ചിരിക്കുന്നത്. ആർക്കൊക്കെയാണ് കൊള്ളുന്നത്. എന്നാൽ സത്യം സത്യമായി പറയുകയുമല്ലേ! അതാണ് മൂർക്കോത്തെ കുമാരൻ ശൈലി.എഴുത്തുകാരും പ്രസാധകരും തമ്മിൽ കാണുമ്പോൾ എന്ത് ചങ്ങാത്തമാണ്. കാണാതിരിക്കുമ്പോഴോ ? അത്തരം നാല് വർത്തമാനമാണ് മൂർക്കോത്തുകുമാരൻ പറയുന്നതുപോലെ എഴുത്തുകാർ പറയുന്നതു്. 

കാര്യം എന്തൊക്കെയാണെങ്കിലും ഇന്ന് പ്രസാധകരുടെ കാര്യം ദയനീയമാണ്. ചുമ്മാതെ കൊടുക്കാമെന്നു പറഞ്ഞാലും പുസ്തകം ആർക്കും വേണ്ട. അല്ലെങ്കിൽ തിരുവനന്തപുരം പ്രസ്സ് റോഡിൽ 90 % കമ്മീഷനിൽ ബോർഡ് എഴുതി വച്ചിട്ടും പ്രസാധന വിഭാഗത്തിന്റെ പുസ്തകങ്ങൾ ചെലവാകാത്തത് എന്തുകൊണ്ട്. ? ആ വിഷയം വിടാം.

മൂർക്കോത്ത് കുമാരന് തിരുവനന്തപുരത്ത് മൂലൂർ പത്മനാഭപ്പണിക്കരും സിവി കുഞ്ഞുരാമനും മാത്രമാണ് ഒറ്റ ചങ്ങാതിമാർ. മലബാറിൽ കെ.സുകുമാരനും.
അതായിരുന്നു മൂർക്കോത്തു കുമാരന്റ കൂട്ടുകെട്ട്! തലതൊട്ടപ്പൻ കോട്ടയത്തെസാക്ഷാൽ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയും.

പത്രപ്രവർത്തനത്തിൽ ആദ്യ കളരി കോഴിക്കോട്ട് നിന്നുള്ള “കേരളസഞ്ചാരി ” യാണ് . ഒ.ചന്തുമേനോനുമായി അടുക്കുന്നത് അങ്ങനെയാണ്.സി.കൃഷ്ണൻ എന്ന പത്രമുതലാളി കേരള സഞ്ചാരിയോടൊപ്പം “മിതവാദി “എന്ന പത്രവും തുടങ്ങി. പിന്നീട് “ഗജകേസരി”യും. 1935 ൽ “സത്യവാദി “എന്നൊരു വാരികയും. ഇതിലെല്ലാം മൂർക്കോത്തുകുമാരൻ എഴുത്തോടെഴുത്തും ജോലിയുമായിരുന്നു.  “ചിന്താമണി ” ,” ആത്മ പോഷിണി “എന്നീ മാസികകളിലും “വിദ്യാലയം”, “ധർമ്മം” എന്നീ പത്രങ്ങളുടെ അധിപരായും ജോലിനോക്കി. ഒടുവിൽ തോമസ് പോളിന്റെ “ദീപം” മാസികയിലും. ഈ മാസിക യുടെ ചേരുവയാണ് ഇന്നും പ്രചാരത്തിലുള്ള പ്രസിദ്ധീകരണളുടേത്. 

“വജ്രസൂചി”, “ഗജകേസരി ”  എന്നീ പേരുകളിൽ വടക്കൻ പത്രങ്ങളിലും “പതഞ്ജലി ” എന്ന പേരിൽ തെക്കൻ പത്രങ്ങളിലും മൂർക്കോത്ത് കുമാരൻ എഴുതി. അദ്ദേഹത്തിന്റെ കൃതികളില്ലാത്ത പ്രസിദ്ധീകരണങ്ങൾ മലയാളത്തിൽ കുറവായിരുന്നു.ആകെ 24 കൃതികളാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.ഏഴ് നോവലുകൾ. കീറ്റ്സിന്റെ “ഇസബെല്ല “യുടെ സ്വതന്ത്രാവിഷ്ക്കാരമായ “ആശാകുല” മികച്ച കാവ്യ കൃതിയാണ്. 4 ജീവചരിത്ര ഗ്ര ന്ഥങ്ങളുണ്ട്. രണ്ട് നാടകങ്ങളും. ബാക്കി ചെറുകഥകളുമാണ്.

“ലോകാപവാദം “, “കനകം മൂലം “, “അമ്പു നായർ “, “വസുമതി”, “ഒരു വൈദ്യന്റെ അനുഭവങ്ങൾ “, “ജഹനാര”, “രജപുത്ര വിവാഹം ” “”വെള്ളിക്കൈ “, എന്നിവയാണ് നോവലുകൾ. ഇതിൽ ” വസുമതി “യാണ് പ്രധാനം. വടക്കേ മലബാറിലെ അക്കാലത്തെ തീയരെ സംബന്ധിക്കുന്ന പല കാര്യങ്ങളും ആ നോവലിലുണ്ട്. മൂർക്കോത്തുകുമാരന്റെ സർഗ്ഗജീവിതം അദ്ദേഹത്തിന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ ഇങ്ങനെയാണ്:” ഞാൻ ചിലതെഴുതി. അത് ചിലർക്കു രസിച്ചു. ഞാൻ പിന്നെയും എഴുതി. അത് ചിലരെ മുഷിപ്പിച്ചു. അവർ എന്നെ കുത്തി എഴുതി. ഞാനും കുത്തി എഴുതി. ഇങ്ങനെ കമ്പിളിക്കെട്ടു ഞാൻ വിട്ടിട്ടും കമ്പിളിക്കെട്ട് എന്നെ വിടുന്നില്ലെന്നു പറഞ്ഞ പോലെ ഞാൻ സാഹിത്യ സമുദ്രത്തിൽ ക്കിടന്ന് …..” ഇറങ്ങിയും മുങ്ങിയും തിരവന്ന് തട്ടി അങ്ങോട്ടുമിങ്ങോട്ടും അലയ്ക്കുന്നതിനിടയിൽ നീന്തിക്കളിക്കാൻ പഠിച്ചു.

ഒരു പക്ഷേ ഭാഷയുടെ അനായാസ കൽപ്പനകളാണ്മൂർക്കോത്ത് കുമാരന്റെ തോളിൽ കൈയ്യിടാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുന്നത്.പുതിയ കഥയുടെ വേര് തേടുമ്പോൾ അത് മൂർക്കോത്ത്കുമാരനിൽ ചെന്ന് തട്ടുമെന്നെനിക്കുറപ്പാണ്.അത്ര ലാളിത്യമാണ് ആ ഭാഷക്ക്.

 പൊതുക്കാര്യ പ്രസക്തനും സാമുദായികപ്രവർത്തകനുമായ മൂർക്കോത്ത് കുമാരൻ മലബാറിലെ ശ്രീ നാരായണ ഗുരുവിന്റെ കറകളഞ്ഞ അനുയായിയായിരുന്നു. മലബാർ ഡിസ്ടിക്റ്റ് എഡ്യൂക്കേഷൻ കൗൺസിലിലെ ഒരംഗമായും താലൂക്ക് ബോർഡ് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മദിരാശി ഗവർണർ മലബാറിലെ ജന്മിമാരുടേയും കുടിയാന്മാരുടേയും ഒരു വട്ടമേശ സമ്മേളനം വിളിച്ചു കൂട്ടിയപ്പോൾ  കുടിയാന്മാരുടെ പ്രതിനിധിയായെത്തിയത് മൂർക്കോത്തു കുമാരനാണ്. 

മലയാള മനോരമയിൽ അസ്സോസിയേറ്റ് എഡിറ്ററായിരുന്ന മൂർക്കോത്ത് കുഞ്ഞപ്പയെ ഓർക്കുന്നില്ലേ? 1993 ൽ 88-ാം വയസ്സിൽ അന്തരിച്ച മൂർക്കോത്ത് കുഞ്ഞപ്പ !
അദ്ദേഹം മൂർക്കോത്ത് കുമാരന്റെ മകനാണ്. അഛൻ 67-ാം വയസ്സിൽ ൽ മരിച്ചപ്പോൾ മകൻ 21 വയസ്സ് കൂടി അധികം ജീവിച്ചു. വിധിയുടെ ഒരു വിളയാട്ട മേ!

“യാദവ കൃഷ്ണൻ “എഴുതിയ കൃഷ്ണഭക്തനായ മൂർക്കോത്ത്  കുമാരൻ സ്വന്തം വീട്ടിന് “ഗോകുലം ” എന്നാണ് പേരു് നൽകിയത്. തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ നിർമ്മിതിക്കും
ഗുരുദേവ ലോഹപ്രതിമാ സ്ഥാപനത്തിനും മുൻ കൈ എടുത്തതുംഅദ്ദേഹമാണ്.

എന്നു കരുതി ഫുൾ ടൈംആത്മീയനല്ല. തീയർ ജാതി ഉപേക്ഷിക്കണമെന്നും ബുദ്ധമതം സ്വീകരിക്കണമെന്നുംമറ്റുമുള്ള ചിലരുടെ അഭിപ്രായങ്ങൾക്ക് അദ്ദേഹം എതിരായിരുന്നു. ഉത്തര കേരളത്തിലെ ഈ പ്രക്ഷോഭത്തെ നിർജീവമാക്കിയത് മൂർക്കോത്തു കുമാരന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. എഴുത്തിനോടൊപ്പം സാമൂഹ്യ മുന്നേറ്റത്തിനും അരയും തലയും മുറുക്കാൻ ഇന്ന് എത്ര പേർ തയ്യാറാകും. ?

“അതെ. കിരീടം വയ്ക്കാത്ത രാജാവ് തന്നെയായിരുന്നു ഏതർത്ഥത്തിലും മൂർക്കോത്ത് കുമാരൻ!”

Latest News