ന്യുഡല്‍ഹി: കോണ്‍ഗ്രസ് സര്‍ക്കാര്‍ 70 വര്‍ഷം കൊണ്ട് ചെയ്തത് രണ്ടു വര്‍ഷം കൊണ്ട് ചെയ്തെന്ന് തന്റെ ജല്‍ജീവന്‍ മിഷന്റെ വിജയത്തെക്കുറിച്ച് വിശദീകരിക്കവേ പ്രധാനമന്ത്രി മോദി. ‘ജല്‍ ജീവന് മിഷന്’ 2019-ല്‍ ആരംഭിച്ചതിനുശേഷം അഞ്ച് കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന് ലഭിച്ചുവെന്നും ഇപ്പോള്‍ ഏകദേശം 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുണ്ടെന്നും മോദി പറഞ്ഞു.
‘സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ 2019 വരെ, നമ്മുടെ രാജ്യത്തെ വെറും മൂന്ന് കോടി കുടുംബങ്ങള്‍ക്ക് മാത്രമേ പൈപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ 2019-ല്‍ ജല്‍ ജീവന് മിഷന് ആരംഭിച്ചതിനുശേഷം അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ജല കണക്ഷന് നല്കി’, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘ഇന്ന്, രാജ്യത്തെ 80 ജില്ലകളിലെ 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും വെള്ളം എത്തുന്നുണ്ട്. അതായത്, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ചെയ്തതിനേക്കാള്‍ കൂടുതല്‍ ജോലി ‘ഇന്നത്തെ ഇന്ത്യ’ രണ്ട് വര്‍ഷത്തിനുള്ളില്‍ ചെയ്തു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയും ജനങ്ങള്‍ ജീവിച്ചിരുന്നിടത്ത് കോണ്‍ഗ്രസ് കുടിവെള്ളത്തിന് അവര്‍ക്ക് പ്രശ്നമുണ്ടെന്ന് കണ്ടതേയില്ല. കുടിവെള്ളമില്ലാതെയുള്ള ജീവിതത്തിലെ വേദനയെത്രയെന്ന് അവര്‍ അറിഞ്ഞതേയില്ല. അവര്‍ക്ക് വീട്ടില്‍ വെള്ളമുണ്ടായിരുന്നു, സ്വിമ്മിംഗ് പൂളുണ്ടായിരുന്നു, കുടിവെള്ളത്തിന്റെ സമൃദ്ധിയുണ്ടായിരുന്നു. – മോദി കുറ്റപ്പെടുത്തി.
ജനങ്ങളുടെ ദാരിദ്ര്യവും ഇവര്‍ക്ക് ആകര്‍ഷണമായിരുന്നു. കാരണം അത് അവര്‍ക്ക് സാഹിത്യത്തിലൂടെ പ്രദര്‍ശിപ്പിക്കാനുള്ള, ബൗദ്ധികമായ അറിവുണ്ടെന്ന് കാണിക്കാനുള്ള വഴിയായിരുന്നു. ആദര്‍ശ ഗ്രാമങ്ങള്‍ സൃഷ്ടിക്കേണ്ടതിന് പകരം അവര്‍ ഗ്രാമങ്ങളിലെ പോരായ്മകള്‍ ഇഷ്ടപ്പെട്ടു. ജല്‍ജീവന്‍ മിഷന് ഗ്രാമങ്ങളാല്‍ നയിക്കപ്പെടുന്ന, സ്ത്രീകളാല്‍ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനമാണ്. എങ്ങിനെയാണ് ഗ്രാമങ്ങളില്‍ സ്ത്രീകളും കുട്ടികളും കുടിവെള്ളം കൊണ്ടുവരാന്‍ മൈലുകളോളം നടക്കുന്നതെന്നതിന് സിനിമകളുടെയും കഥകളുടെയും കവിതകളുടെയും പിന്‍ബലത്തോടെ മോദി വിശദീകരിച്ചു.
ജല്‍ ജീവന് മിഷന് പദ്ധതിയെപ്പറ്റി ശനിയാഴ്ച അദ്ദേഹം ഗ്രാമപഞ്ചായത്തുകളുമായും കുടിവെള്ള സമിതികളുമായും ഗ്രാമ ജല ശുചിത്വ സമിതികളുമായും സംസാരിച്ചു.
എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനായി 2019 ഓഗസ്റ്റ് 15-നാണ് നരേന്ദ്ര മോദി ജല്‍ ജീവന് മിഷന് പദ്ധതി പ്രഖ്യാപിച്ചത്.