ഷാര്‍ജ: ഐ.പി.എല്ലില്‍ ശനിയാഴ്ച നടന്ന ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. മുംബൈ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഡല്‍ഹി മറികടന്നു
33 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്. 21 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ആര്‍. അശ്വിന്‍ ശ്രേയസിന് ഉറച്ച പിന്തുണ നല്‍കി. ക്യാപ്റ്റൻ ഋഷഭ് പന്ത് 26 റൺസെടുത്തു. ജയത്തോടെ 18 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. (delhi capitals mumbai indians)
130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തുടക്കം മോശമായിരുന്നു. 4.1 ഓവറില്‍ 30 റണ്‍സിനിടെ ശിഖര്‍ ധവാന്‍ (8), പൃഥ്വി ഷാ (6), സ്റ്റീവ് സ്മിത്ത് (9) എന്നിവരെ അവര്‍ക്ക് നഷ്ടമായി.
തുടര്‍ന്ന് ഋഷഭ് പന്ത് മുംബൈ ബൗളിങ്ങിനെ കടന്നാക്രമിച്ചെങ്കിലും ഒമ്പതാം ഓവറില്‍ പന്തിനെ ജയന്ത് യാദവ് മടക്കി. 22 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 26 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്.
പിന്നാലെ ഒമ്പത് റണ്‍സുമായി അക്‌സര്‍ പട്ടേലും മടങ്ങി. ഷിംറോണ്‍ ഹെറ്റ്മയര്‍ എട്ട് പന്തില്‍ 15 റണ്‍സുമായി മടങ്ങി. തുടര്‍ന്നായിരുന്നു ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായ ശ്രേയസ് – അശ്വിന്‍ കൂട്ടുകെട്ടിന്റെ പിറവി. കൃണാൽ പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സറടിച്ച് അശ്വിനാന് ഡൽഹിക്ക് ജയം ഒരുക്കിയത്. ശ്രേയാസും (33) അശ്വിനും (20) പുറത്താവാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു. 33 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ.
ഡൽഹി നിരയിൽ അവേഷ് ഖാനും അക്സർ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 4 ഓവറിൽ വെറും 15 റൺസ് വഴങ്ങിയാണ് അവേഷ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.