ദുബായ്: വരുന്നത് ഹൈപ്പർലൂപ്പിന്റെ(Hyperloop) കാലമാണ്. കണ്ടതല്ല വേഗം എന്ന് തെളിയിക്കുന്നതായിരിക്കും ഹൈപ്പർലൂപ്പിലൂടെയുള്ള യാത്ര. മണിക്കൂറിൽ 1100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന യാത്ര സംവിധാനമാണിത്. ഹൈപ്പർ ലൂപ്പിന്റെ ആഗമനത്തിനു മുമ്പ് എക്സ്പോ സന്ദർശകർക്ക് ഈ വാഹനം കാണുവാനുള്ള അവസരം ഒരുക്കുകയാണ് സംഘാടകർ.ഡി പി വേൾഡ്(DP world ) പവലിയനിലാണ് ഹൈപ്പർലൂപ്പിന്റെ യാത്രാ പോഡുകൾ എത്തുന്നത്.
വാക്വം ചെയ്ത കുഴലിലൂടെ ക്യാപ്സ്യൂൾ പോലുള്ള വാഹനം കണ്ണഞ്ചും വേഗത്തിൽ കടന്നുപോകുന്ന യാത്ര സംവിധാനമാണ് ഹൈപ്പർലൂപ്പ്. കഴിഞ്ഞവർഷം നവംബറിലാണ് ഇതിൽ ആദ്യമായി മനുഷ്യർ പരീക്ഷണ യാത്ര നടത്തിയത്. ഹൈപ്പർലൂപിന്റെ 10 മീറ്റർ നീളമുള്ള കാർഗോ പോഡും(Cargo pod ), യാത്രക്കാർക്ക് കയറിയിരുന്നു പരീക്ഷിക്കുവാൻ കഴിയുന്ന യാത്രാ പോഡുകളും ആണ് എക്സ്പോ(Expo) വേദിയിൽ എത്തിക്കുക.
വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഹൈപ്പർലൂപ്പ് സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്ന രാജ്യം കൂടിയാണ് യു.എ.ഇ. ദുബായിൽ നിന്ന് അബുദാബിയിൽ എത്താൻ 12 മിനിറ്റ് മാത്രം മതി. വിമാനത്തെക്കാൾ ഇതിന് വേഗം ഉണ്ട് എന്നാണ് അവകാശവാദം.