മനില: ഫിലിപ്പീന്‍സിന്റെ ഇതിഹാസതാരം മാന്നി പാക്വിയാവോ ബോക്‌സിങ്ങില്‍ നിന്ന് വിരമിച്ചു. ബോക്‌സിങ് വിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് താരത്തിന്റെ തീരുമാനം. 42 കാരനായ പാക്വിയാവോ 2016 മുതല്‍ ഫിലിപ്പീന്‍സിന്റെ സെനറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. 2022 മേയ് മാസത്തില്‍ നടക്കുന്ന പ്രസിഡന്റ് ഇലക്ഷനില്‍ താരം മത്സരിക്കും. അതിന് മുന്നോടിയായാണ് ബോക്‌സിങ്ങില്‍ നിന്ന് വിരമിക്കുന്നത്.
നാല് പതിറ്റാണ്ടുകളിലായി ബോക്‌സിങ് ലോകകിരീടം നേടിയ ലോകത്തിലെ ഏകതാരമാണ് പാക്വിയാവോ. പാക്മാന്‍ എന്ന പേരില്‍ പ്രസിദ്ധി നേടിയ പാക്വിയാവോ ബോക്‌സിങ്ങിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 12 ലോകകിരീടങ്ങളാണ് താരം സ്വന്തമാക്കിയത്.ഫ്‌ളൈ വെയ്റ്റ്, ഫെതര്‍വെയ്റ്റ്, ലൈറ്റ്‌വെയ്റ്റ്, വെല്‍ട്ടര്‍ വെയ്റ്റ് എന്നീ വിഭാഗങ്ങളില്‍ കിരീടം നേടുന്ന ലോകത്തിലെ ആദ്യത്തെ താരമാണ് പാക്വിയാവോ. ഒപ്പം ലോകകിരീടം നേടിയ ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും പാക്വിയാവോയ്ക്കുണ്ട്. 41ആം വയസിലായിരുന്നു താരം അവസാനമായി ലോകകിരീടം സ്വന്തമാക്കിയത്.