അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകരപ്പന്‍ ജയം. 172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അവസാന പന്തില്‍ വിജയം നേടുകയായിരുന്നു.
ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തില്‍ ദീപക്ചാഹര്‍ ചെന്നൈയ്ക്ക് വേണ്ടി വിജയറണ്‍ നേടി. ഈ വിജയത്തോടെ ചെന്നൈ പ്ലേ ഓഫ് ഉറപ്പിച്ചു.
സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ ആറിന് 171. ചെന്നൈ 20 ഓവറില്‍ എട്ടിന് 172.
74 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത ഋതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസ്സിയുമാണ് ചെന്നൈയ്ക്ക് മികച്ച അടിത്തറ നല്‍കിയത്. 28 പന്തില്‍ 32 റണ്‍സ് എടുത്ത മോയിന്‍ അലിയും ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.
പിന്നീട് മികച്ച ബോളിംഗ് പ്രകടനത്തിലൂടെ കളിയിലേക്ക് തിരിച്ച് വന്ന കൊല്‍ക്കത്ത ഒരു നിമിഷം ജയിക്കുമെന്ന് വരെ തോന്നിപ്പിച്ചു. എന്നാല്‍ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19-ാം ഓവറില്‍ രണ്ട് സിക്‌സും രണ്ട് ഫോറും നേടിക്കൊണ്ട് ജഡേജ കളി ചെന്നൈയ്ക്ക് അനുകൂലമാക്കി. അവസാന ഓവറില്‍ ചെന്നൈയുടെ ലക്ഷ്യം വെറും നാല് റണ്‍സായി ചുരുങ്ങി.
അവസാന ഓവറില്‍ ജഡേജയെയും സാം കറനെയും പുറത്താക്കി സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തില്‍ വിജയറണ്‍ കുറിച്ച് ദീപക് ഹാചര്‍ ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചു. എട്ട് പന്തില്‍ നിന്നും 22 റണ്‍സെടുത്ത ജഡേജയാണ് കളിയുടെ ഗതി മാറ്റിയത്.
കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരേന്‍ 3 വിക്കറ്റ് വീഴ്ത്തി. പ്രസിദ് കൃഷ്ണ, റസല്‍, ലോക്കി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 45 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ദിനേശ് കാര്‍ത്തിക്കും നിതീഷ് റാണയും ചേര്‍ന്നാണ് ടീം സ്‌കോര്‍ 170 കടത്തിയത്.
ചെന്നൈയ്ക്ക് വേണ്ടി ശാര്‍ദുല്‍ ഠാക്കൂര്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും 20 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീഴ്ത്തി. ജഡേജ ഒരു വിക്കറ്റെടുത്തു.