ആന്ധ്ര ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമർദ്ദം തീവ്രമായേക്കും. ഗുലാബ് എന്ന പേരിലുള്ള ചുഴലിക്കാറ്റ് നാളെ തീരംതൊടും. ചുഴലിക്കാറ്റ് വിശാഖപട്ടണത്തിനും ഗോപാൽപൂരിനുമിടയിൽ കര തൊടാൻ ആണ് സാധ്യത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
സെപ്റ്റംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദം ആണിത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. കാലാവസ്ഥ പ്രക്ഷുബ്ദം ആവാനുള്ള സാധ്യത മുൻനിർത്തി സെപ്റ്റംബർ 27 മുതൽ 28 വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ഇത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.കേരള ലക്ഷദ്വീപ് തീരത്തെ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

















