ദുബായ് : ദുബായ് എക്സ്‌പോ 2020ൻ്റെ ഔദ്യോഗികഗാനം പുറത്തിറക്കി. എക്‌സ്‌പോ ലോകത്തിലേക്കുള്ള വാതിൽതുറക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെയാണ് ‘ദിസ് ഈസ് ഔവർ ടൈം’ (ഇത് നമ്മുടെ സമയം) എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനത്തിൻ്റെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
യു.എ.ഇയുടെ സംസ്കാരവും അഭിമാനവും ഉയർത്തിക്കാട്ടുന്ന ഈ ഗാനം ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ആശയം മുന്നോട്ടുവെക്കുന്നു. മനസ്സുകളെ ഒന്നിപ്പിച്ച്, ഭാവിയെ സൃഷ്ടിക്കുന്നു എന്നതാണ് എക്സ്‌പോ പ്രമേയം.
യു.എ.ഇ.യിലെ മികച്ച കലാകാരന്മാരിലൊരാളും എക്സ്‌പോ അംബാസഡറുമായ ഹുസൈൻ അൽ ജാസ്മി, ഗ്രാമി നാമനിർദേശം ചെയ്യപ്പെട്ട ലെബനീസ്-അമേരിക്കൻ ഗായകനും രചയിതാവുമായ മൈസ കാര, സ്വദേശി ഗായിക അൽ മാസ് എന്നിവരാണ് ഗാനത്തിലുള്ളത്. എക്‌സ്പോയുടെ വനിതാ ഫിർദൗസ് ഓർക്കസ്ട്രയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ കൂടിയാണ് മൈസ കാര.
ലോക എക്സ്‌പോ സമൂഹത്തെ ഒന്നിപ്പിക്കുന്നുവെന്ന് എക്സ്‌പോ ദുബായ് ചീഫ് എക്‌സ്‌പീരിയൻസ് ഓഫീസ് പ്രതിനിധി മാർജൻ ഫറൈഡൂണി വ്യക്തമാക്കി. ഭൂതകാലവും വർത്തമാനവും ഭാവിയും സമന്വയിപ്പിക്കുന്ന എക്സ്‌പോയുടെ ഔദ്യോഗികഗാനമൊരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ ലോകത്തെ സ്വാഗതംചെയ്യാൻ ഈ ഗാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. യു.എ.ഇ.യുടെ നേട്ടങ്ങൾക്കുള്ള ആദരവ് കൂടിയാണ് ഈ ഗാനമെന്ന് ഹുസൈൻ അൽ ജാസ്മി പറഞ്ഞു. ഒക്ടോബർ ഒന്നുമുതൽ 2022 മാർച്ച് 31 വരെയാണ് ദുബായ് എക്സ്‌പോ 2020 നടക്കുക.