കാബൂള്‍: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ഹാമിദ് ഷിൻവാരിയെ പുറത്താക്കി താലിബാൻ ഭരണകൂടം. താലിബാൻ നേതാവ് സിറാജുദ്ദീൻ ഹഖാനിയുടെ സഹോദരൻ അനസ് ഹഖാനിയെയാണ് പകരം ഈ സ്ഥാനത്ത് നിയമിച്ചത്.
അഫ്ഗാനിസ്ഥാനിൽ ഐപിഎൽ ക്രിക്കറ്റിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത് വേണ്ട എന്നാണ് താലിബാൻ തീരുമാനം. അനിസ്ലാമികമായ പലതും ഐപിഎലിൽ കാണുന്നു, ചിയർ ഗേൾസിന്റെ നൃത്തവും മത്സരം കാണാനെത്തുന്നവർ മുടി പുറത്തുകാണിക്കുന്നതുമെല്ലാം നിരോധനത്തിന് കാരണമായി താലിബാൻ ചൂണ്ടികാണിക്കപ്പെടുന്നു.
അതേസമയം, തങ്ങൾ വനിതാ ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ അസീസുള്ള ഫസ്‌ലി. വനിതാ ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള യാതൊരു തീരുമാനവും പുതിയ സർക്കാർ അറിയിച്ചിട്ടില്ല. ടെസ്റ്റ് മത്സരം മാറ്റിവച്ചതിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചർച്ച നടത്തിയെന്നും ഉടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കുമെന്നും എസിബി ചെയർമാൻ കൂട്ടിച്ചേർത്തു.
















