അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനായാസ വിജയം. 93 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്‍ 48 ഉം വെങ്കിടേഷ് അയ്യര്‍ 41 റണ്‍സും നേടി. ബാംഗ്ലൂരിനായി വിക്കറ്റ് നേടിയത് യുസ്‌വേന്ദ്ര ചഹലാണ്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് 19 ഓവറില്‍ 92 റണ്‍സ് മാത്രമേ നേടാനായുള്ളു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവരാണ് പേരുകേട്ട ബാംഗ്ലൂര്‍ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയത്. കോലി 5(4), മാക്‌സ്‌വെല്‍ 10(17), ഡിവില്ലിയേഴ്‌സ് 0(1) എന്നീ സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തി.
22 റണ്‍സ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ്‌സ്‌കോറര്‍. മറ്റൊരു മലയാളി താരം സച്ചിന്‍ ബേബിയും ടീമിലുണ്ടായിരുന്നെങ്കിലും 17 പന്തില്‍ 7 റണ്‍സ് മാത്രമേ നേടാനായുള്ളു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്ര റസലും മൂന്നും ലോക്കി ഫെര്‍ഗൂസന്‍ രണ്ടും വിക്കറ്റുകള്‍ നേടിയപ്പോള്‍ പ്രസിദ് കൃഷ്ണ ഒരു വിക്കറ്റും നേടി.
സീസണിലെ മൂന്നാം ജയത്തോടെ കൊല്‍ക്കത്തയ്ക്ക് എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റ് ആയി. പട്ടികയില്‍ അഞ്ചാമതാണ് അവര്‍. തോറ്റെങ്കിലും എട്ട് കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.