കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പണവും മറ്റു വിഭവങ്ങളും പാഴാക്കുന്നത് തടയാൻ വേണ്ടിയാണ് പുതിയ സര്‍ക്കാര്‍ ചടങ്ങുകള്‍ ഒഴിവാക്കിയതെന്നാണു താലിബാനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കയിലെ ഭീകരാക്രമണമുണ്ടായ സെപ്റ്റംബര്‍ 11 ന് താലിബാന്റെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് റഷ്യ, ഇറാന്, ചൈന, ഖത്തര്‍, പാകിസ്ഥാന് എന്നീ രാജ്യങ്ങളെ താലിബാന് ക്ഷണിക്കുകയും ചെയ്യിരുന്നു.
എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. താലിബാന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ആഘോഷം നടത്താനുള്ള തീരുമാനത്തിനെതിരെ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും രംഗത്തു വന്നിരുന്നു.
















