കാബൂള്‍: അഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമതാവളം ചൈന ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് ആശങ്ക വര്‍ധിപ്പിക്കുന്ന നീക്കമാണ് ഇതെന്നാണ് വിദേശകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുളള ചൈനയുടെ തന്ത്രങ്ങളുടെ ഭാഗമാണ് വ്യോമതാവളങ്ങള്‍ ഏറ്റെടുക്കാനുളള നീക്കമെന്ന് സംശയിക്കുന്നതായി വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജന്‍സി എഎന്‍ഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയ്ക്ക് എതിരേ പാകിസ്താന്‍റെ കരുത്ത് കൂട്ടാന്‍ ചൈന അഫ്ഗാനിസ്ഥാനെ ഉപയോഗിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. 20 വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാന്റെ പ്രധാന ബേസ് ആയ ബാഗ്രാം വ്യോമതാവളം അമേരിക്ക ജൂലൈയില്‍ ഉപേക്ഷിച്ചിരുന്നു. അഫ്ഗാനിസ്താനിലെ തന്നെ ഏറ്റവും വലിയ വ്യോമതാവളമാണ് ബാഗ്രാം. കാബൂള്‍ വിമാനത്താവളത്തിനു പകരം യുഎസ് സേന അവസാനനിമിഷം വരെ ആശ്രയിച്ചിരുന്നത് ബാഗ്രാമിനെയാണ്. അതിനാല്‍ തന്നെ സാങ്കേതികമായും പൂര്‍ണമായും വികസിച്ച വിമാനത്താവളമാണ് ബാഗ്രാം.
അഫ്ഗാനിസ്ഥാനെ സാമ്പത്തികമായി ഉപേക്ഷിച്ച അമേരിക്ക ഉണ്ടാക്കിയ വിടവ് നികത്തി ചൈനയുടെ വിഖ്യാത പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് നടപ്പാക്കാനാണ് ചൈനയുടെ ശ്രമം. ബാഗ്രാം വ്യോമതാവളമുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളുടെ നിയന്ത്രണം ആരെയെങ്കിലും ഏല്‍പ്പിക്കാനാണ് അഫ്ഗാന്‍ ശ്രമിക്കുന്നതെങ്കില്‍ ചൈന അവ ഏറ്റെടുക്കുന്നതിന് നാം ഉടന്‍ സാക്ഷ്യം വഹിക്കും. അതിനുള്ള നീക്കങ്ങള്‍ ചൈന ആരംഭിച്ചതായി നയതന്ത്രജ്ഞനായ അനില്‍ തിഗ്രുനയാത്ത് ചൂണ്ടിക്കാണിക്കുന്നു.
















