തിരുവനന്തപുരം: വിസ്‌മയ കേസില്‍ മുഖ്യപ്രതിയായ അസിസ്‌റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കിരണ്‍ കുമാറിനെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പിരിച്ചുവിടാതിരിക്കാന്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാലാണ് കിരണിനെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.
ഇക്കഴിഞ്ഞ ആറാം തീയതിയാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു നടപടി. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നില്ല. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല.
ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.
വിസ്‌മയയുടെ മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണത്തെ തുടര്‍ന്ന് ഭര്‍ത്താവ് കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കിരണ്‍ കുമാറിനെ(30) അറസ്‌റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്‌തു. പിന്നീട് ഓഗസ്‌റ്റ് ആറിന് ഇയാളെ പിരിച്ചുവിട്ടതായി സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

















