ന്യൂഡല്‍ഹി: താലിബാനുമായി ഇന്ത്യ ചർച്ച നടത്തി. ദോഹയിൽ താലിബാൻ ഉപമേധാവിയെ കണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസഡറാണ് ചർച്ച നടത്തിയത്. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് താലിബാനോട് ചർച്ചയിൽ ആവശ്യപ്പെട്ടു. അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുത് എന്ന് നിർദ്ദേശിക്കുകയും ചെയ്തു.
ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലും ദോഹയിലെ താലിബാന്റെ പ്രതിനിധി ഷേര്‍ മുഹമ്മദ് അബ്ബാസുമായാണ് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ച് കൂടിക്കാഴ്ച നടന്നത്. താലിബാന്റെ ആവശ്യപ്രകാരമാണ് ചര്‍ച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിനു ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്.
ഇപ്പോഴും അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന ഇരുപതോളം ഇന്ത്യക്കാരുടെ മടങ്ങിവരവ് ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അഫ്ഗാനിലെ ന്യൂനപക്ഷമായ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് അനുമതി നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യയിലെ എൻഐഎ കേസുകളിൽ പ്രതികളായ 25 പേർ അഫ്ഗാനിലുണ്ടെന്ന് എൻഐഎ റിപ്പോർട്ട് ചെയ്തു. ഇതിൽ ചിലർ മരിച്ചതായി വിവരമുണ്ട് .എത്ര ബാക്കിയുണ്ടെന്ന വിവരം ശേഖരിക്കുകയാണ്. ചിലർ പാക് അഫ്ഗാൻ അതിർത്തിയിലെന്നും ഏജൻസി പറയുന്നു. കാബൂളിലെ ജയിലുകളിൽ നിന്ന് കുറച്ച് പേർ മോചിതരായി. രഹസ്യന്വേഷണ ഏജൻസികൾ സ്ഥിതി നീരീക്ഷിച്ചു വരുന്നതായും എൻഐഎ പറയുന്നു.
















