ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതിന്യായ കോടതിയായ സുപ്രീംകോടതിയിൽ അധികാരമേറ്റ് ഒമ്പത് പുതിയ ജഡ്ജിമാർ. കേരള ഹൈക്കോടതിയിൽ നിന്നുള്ള ജസ്റ്റിസ് സി.ടി രവികുമാറും മൂന്ന് വനിതകളും ഉൾപ്പെടെ ഒമ്പത് പേരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാവിലെ പത്തരയ്‌ക്ക് ചീഫ് ജസ്റ്റിസ് എൻ.വി രമണ പുതിയ ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇവർ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി.
ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകാൻ സാധ്യതയുള്ള ജസ്റ്റിസ് ബി.വി.നഗരത്ന, ജസ്റ്റിസുമാരായ ശ്രീനിവാസ് ഓഖ, വിക്രം നാഥ്, ജെ.കെ.മഹേശ്വരി, ഹിമ കോലി, എം.എം.സുന്ദരേഷ്, ബേല ത്രിവേദി, പി.എസ്.നരസിംഹ എന്നിവരും ചുമതലയേറ്റു. 1989ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി.വി നാഗരത്ന. തെലങ്കാന ഹൈക്കോടതി ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ട് വനിത ജഡ്ജിമാർ.
















