ലിമ: പെറുവിലെ യൂറിമാഗുവാസ് ജില്ലയിലെ ഹുവാല്ലഗ നദിയിൽ ബോട്ടുകള്‍ കൂട്ടിയിടിച്ച് 11 പേര് മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. സാന്റാ മരിയയിൽ നിന്ന് യാത്രതിരിച്ച ബാര്‍ജ് യന്ത്രബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടം. 80 ഓളം യാത്രക്കാർ ബാർജിലുണ്ടായിരുന്നു.
അപകടത്തില്‍ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്ന് സെക്ടോരിയല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. പെറുവിയന്‍ നാവിക സേനയും സെക്ടോരിയല്‍ എമര്ജി ഓപ്പറേഷന്‍സ് സെന്ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
ഞായറാഴ്ച രാവിലെ 80 യാത്രക്കാരുമായി സാന്റാ മരിയയില്‍നിന്ന് യൂറിമാഗുവാസിലേക്ക് യാത്ര തിരിച്ച ബാര്‍ജ് യന്ത്രബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ബാര്‍ജിലുണ്ടായിരുന്ന 20 കുട്ടികളടങ്ങുന്ന യാത്രാസംഘം അപകടം നടക്കുമ്പോള്‍ ഉറങ്ങുകയായിരുന്നു. ഇവര്‍ ഒരു മതപരമായ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നുവെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
അപകടത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















