കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഐ.എസെന്ന് റിപ്പോര്‍ട്ട്. ഐ.എസാണ് ആക്രമണം നടത്തിയതെന്ന് താലിബാനും സ്ഥിരീകരിച്ചു.
സ്‌ഫോടനത്തില്‍ നാല് സൈനികര്‍ ഉള്‍പ്പെടെ 40 പേര്‍ മരിച്ചതായി സ്ഥിരീകരണം. മരണപ്പെട്ടവരില്‍ കുട്ടികളും താലിബാന്റേയും അമേരിക്കയുടേയും സൈനികരും ഉള്‍പ്പെടും. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. വിമാനത്താവളത്തിലെ അബ്ബേ ഗേറ്റിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളാണുണ്ടായത്. വീണ്ടും സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. വിമാനത്താവളത്തിന് സമീപത്തെ ബാരണ്‍ ഹോട്ടലിന് മുന്നില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്. യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ ഒഴിപ്പിക്കല്‍ നടക്കുന്നതിനാല്‍ വിമാനത്താവളത്തിനു പുറത്ത് നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയിരുന്നത്. ഇതിനിടയിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ ശേഷം കഴിഞ്ഞ 11 ദിവസമായി വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് രക്ഷതേടി നൂറ്കണക്കിന് പേരാണ് രക്ഷതേടി ഓരോ ദിവസവും എത്തുന്നത്. ഈ ഒരു സാഹചര്യത്തിലുണ്ടായ സ്‌ഫോടനം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
ബോംബ് സ്ഫോടനത്തിന് സാദ്ധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
















