ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിദഗ്ധ സമിതി. നിലവില്‍ 12 മുതല്‍ 16 വരെ ആഴ്ചയാണ് കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഇടവേള. തുടക്കത്തിൽ ഇത് ആറ് ആഴ്ചയായിരുന്നു. പിന്നീട് കൂടിയ ഫലപ്രാപ്തി ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വാക്സീൻ ഇടവേള കൂട്ടിയത്.
രാജ്യത്ത് മൂന്നാം ഡോസ് വാക്സിന്‍ നല്‍കാന്‍ നിലവില്‍ വ്യവസ്ഥയിലെന്ന് ഇന്ന് കേരള ഹൈക്കോടതിയിൽ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സൗദിയിലേക്ക് പോകാന്‍ കോവിഷീല്‍ഡ് വാക്സീൻ മൂന്നാം ഡോസ് ആയി സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ പ്രവാസി നൽകിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ അനുമതിക്കായി ഹര്‍ജിക്കാരന്‍ കാത്തിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസിന്‍റെ കാര്യത്തില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം മൂന്നാം ഡോസ് വാക്സീന്‍ സ്വീകരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോടതി വിഷമവൃത്തത്തിലാണെന്ന് ജസ്റ്റിസ് പി.ബി.സുരേഷ്കുമാര്‍ വാക്കാൽ അഭിപ്രായപ്പെട്ടു.
കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും അടുത്ത രണ്ട് മാസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനെടുത്താലും മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണം. കേരളത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
















