ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ധനസമാഹരണ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്ത് നിന്ന് വിറ്റഴിക്കുന്ന ആസ്തികള്‍ രാജ്യത്തിന്റേത് മാത്രമാണെന്നും ബിജെപിയുടെയോ നരേന്ദ്രമോദിയുടെയോ അല്ലെന്നും മമതാ പ്രതികരിച്ചു.
രാജ്യത്തിന്റെ ആസ്തികള്‍ വില്‍ക്കാനുള്ള ഗൂഡതന്ത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് അവരുടെ താത്പര്യത്തിന് അനുസൃതമായി രാജ്യത്തിന്റെ ആസ്തികള്‍ വില്‍ക്കാന്‍ അവകാശമില്ലെന്നും, തീരുമാനം ദൗര്‍ഭാഗ്യകരവും ഞെട്ടിക്കുന്നതുമാണെന്നും മമത വ്യക്തമാക്കി.
“ഈ സ്വത്തുക്കൾ രാജ്യത്തിന്‍റേതാണ്. ഇത് പ്രധാനമന്ത്രി മോദിയുടെയോ ബിജെപിയുടെയോ സ്വത്തല്ല. അവർക്ക് (കേന്ദ്രസർക്കാരിന്) അവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു രാജ്യത്തിന്‍റെ ആസ്തികൾ വിൽക്കാൻ കഴിയില്ല. രാജ്യം മുഴുവൻ ഒരുമിച്ച് നിൽക്കുകയും ഈ ജനവിരുദ്ധ തീരുമാനത്തെ എതിർക്കുകയും ചെയ്യും”- മമത ബാനര്‍ജി വ്യക്തമാക്കി. ആസ്തികള്‍ വിറ്റ് സ്വരൂപിക്കുന്ന പണം തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയെന്നും മമത ബാനര്‍ജി ആരോപിച്ചു.
ആറുലക്ഷം കോടി രൂപയുടെ ദേശീയ ധനസമാഹരണ പദ്ധതിയാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാക്കളില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് നയം അടിസ്ഥാനമാക്കിയാണ് ദേശീയ ധനസമാഹരണ പദ്ധതി. പ്രസ്തുത നയം അനുസരിച്ച് സർക്കാർ സാന്നിധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം. 2022ൽ ആരംഭിച്ച് 2025ൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയാറാക്കിയിരിക്കുന്നത്. ദേശീയപാത, മൊബൈൽ ടവറുകൾ, സ്റ്റേഡിയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയാണ് പ്രധാനമായും സ്വകാര്യവത്കരിക്കുന്നത്.
















