തിരുവനന്തപുരം:കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ടോൾ പിരിവിനെതിരെ ഇന്നും പ്രതിഷേധം.ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടോൾഗേറ്റ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു.പ്രതിഷേധത്തെ തുടർന്ന് ടോൾ പിരിവ് ഇന്നലെ താത്കാലികമായി നിർത്തിവച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെ വീണ്ടും ടോൾപിരിവ് ആരംഭിച്ചതാണ് വീണ്ടും പ്രതിഷേധത്തിന് വഴിവച്ചത്.
20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് യാത്ര സൗജന്യമാക്കണമെന്നാണാവശ്യം ഇന്നലെ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല. പൂന്തുറയിൽ നിന്ന് മീൻ പിടിക്കാൻ വിഴിഞ്ഞത്തേക്ക് പോകുന്ന മൽസ്യത്തൊഴിലാളികളെയും ടോൾ ബാധിക്കുമെന്നാണ് പരാതി. 285 രൂപ കൊടുത്താൽ പ്രദേശ വാസികൾക്ക് ഒരു മാസം യാത്ര ചെയ്യാമെന്നാണ് നിലവിലുള്ള ഉത്തരവ്. ഫാസ്റ്റ് ടാഗുള്ള കാറുകൾക്ക് ഒരു ഭാഗത്തേക്ക് 70 രൂപ, ഇല്ലെങ്കിൽ 140 രൂപ ടോൾ കൊടുക്കണം. അതേസമയം, ദേശീയപാത അതോറിറ്റി അനുവാദം നൽകിയതിനുശേഷമാണ് ടോൾ പിരിവ് ആരംഭിച്ചതെന്ന് ടോൾ പിരിവ് നടത്തുന്ന സ്വകാര്യ കമ്പനി അധികൃതർ പറഞ്ഞു.

















